varavisesham

ദ്രോണർക്ക് അല്പം വൈകാരികമായ അടുപ്പമുള്ള സംഗതിയാണ് ഇന്നിവിടെ പറയാനൊരുങ്ങുന്നത്. സംഗതി അശ്വത്ഥാമാവിനെപ്പറ്റിയാകുമ്പോൾ അങ്ങനെയാകണമല്ലോ. സംഗതിവശാൽ ദ്രോണരുടെ പ്രിയപ്പെട്ട പുത്രനായിപ്പോയി അശ്വത്ഥാമാവ്. അതാണ് ഈ വൈകാരിക അടുപ്പം.

അശ്വത്ഥാമാവ് വെറും ഒരാനയാണ് എന്നിപ്പോൾ നമ്മുടെ ഐ.എ.എസ് ശിവശങ്കരൻ സാർ പറയുന്നു. സെക്രട്ടേറിയറ്റിനെ ചുറ്റിപ്പറ്രി നടക്കുമ്പോൾ പല ഹിംസ്രജന്തുക്കളെയും സസ്തനികളെയും നരഭോജികളെയുമെല്ലാം കാണാനാകുമെന്ന് അനുഭവസ്ഥർ പറയാറുണ്ട്. സ്രാവുകൾക്കൊപ്പം നീന്താനും ആനകൾക്കൊപ്പം ചിന്നം വിളിക്കാനും കടുവായ്ക്കൊപ്പം കിടുവകളെ പിടിക്കാനും ഒക്കെ സാധിക്കും. അങ്ങനെ നീന്താനും നടക്കാനുമൊക്കെ സാധിക്കുന്നത് കൊണ്ടാണല്ലോ ശിവശങ്കരൻ സാറിനെയൊക്കെ നമ്മളും സാറേ എന്ന് വിളിച്ച് പോകുന്നത്. അദ്ദേഹം ഐ.എ.എസുകാരനാണ്. നീന്തൽ അത്ര വശമില്ല. അതിനാൽ അദ്ദേഹം ആനയ്ക്കും ആടിനും കടുവായ്ക്കും മാൻപേടകൾക്കുമെല്ലാമൊപ്പം തരാതരം സഞ്ചരിച്ചു. ഐ.പി.എസുകാരനായ ജേക്കബ് തോമസ് സാർ സ്രാവുകൾക്കൊപ്പം നീന്തി. നീന്തിയതേ അദ്ദേഹത്തിന് ഓർമ്മയുണ്ടായുള്ളൂ എന്ന് പറയുന്നവരുണ്ട്. ആ നീന്തലിന് ശേഷം അദ്ദേഹം കരയ്ക്ക് കയറിയിട്ടില്ല. അലഞ്ഞുതിരിഞ്ഞ് ഒടുവിലെങ്ങനെയോ അടുത്തൂൺ പറ്റിയെന്നറിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം താമരചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയുമായി. ഒരു ജന്മം പൂവണിയുന്നത് അങ്ങനെയൊക്കെയാണല്ലോ.

ശിവശങ്കരൻ സാർ അങ്ങനെയാവില്ലെന്നുറപ്പാണ്. അദ്ദേഹം നീന്താൻ പോയില്ല എന്നതുതന്നെ അതിന് കാരണം. അദ്ദേഹം വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കുന്നയാൾ മാത്രമാണ്. നീന്തൽ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. ആൾ പരമസാത്വികനും നിഷ്കളങ്കനുമാണ്. നിർമമനാണ്. ആരോടും അനാവശ്യമായ മമത അദ്ദേഹം കാട്ടാറില്ല. സ്വപ്നസുരേഷിനോട് പോലും. അശ്വത്ഥാമാവിന്റെ ചില കഴിവുകളൊക്കെ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ചിരഞ്ജീവിയാണോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ആകാം, അല്ലായിരിക്കാം. പക്ഷേ, പുൽക്കൊടിയിൽ നിന്ന് പോലും ബ്രഹ്മശിരസുണ്ടാക്കാനുള്ള അശ്വത്ഥാമാവിന്റെ കഴിവ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് പിണറായി സഖാവിന്റെ കൊട്ടാരത്തിൽ സർവപ്രതാപിയായി കുറച്ചുകാലം അദ്ദേഹം കഴിഞ്ഞുകൂട്ടിയത്. അവിടെനിന്ന് ഏതോ ദുർഘടസന്ധിയിൽ ചില ചാപല്യങ്ങൾ അദ്ദേഹത്തെ ഗ്രസിക്കുകയും സ്വപ്ന സുരേഷ് എന്ന ചാപല്യത്തിലകപ്പെട്ട് അലഞ്ഞുതിരിയാൻ വിധിക്കപ്പെടുകയുമുണ്ടായി.

മൂവായിരത്താണ്ട് കാലം അശരണനായി അലഞ്ഞുതിരിയാനുള്ള ശാപം ശ്രീകൃഷ്ണനിൽ നിന്ന് അശ്വത്ഥാമാവ് ഏറ്റുവാങ്ങിയത് പോലെയായി കാര്യങ്ങളുടെ പോക്ക്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തും സ്വപ്നസുരേഷും ഐ.ടി വകുപ്പും സ്പേസ് പാർക്കും യുണിടാകും ലൈഫ് മിഷനും എന്നുവേണ്ട സകല മണ്ണാങ്കട്ടയും ഒരുമിച്ചുവന്ന് ശിവശങ്കരൻസാറിന്റെ ഉറക്കം കെടുത്തുകയുണ്ടായി. ശ്രീകൃഷ്ണൻ ശപിച്ചുവിട്ട അശ്വത്ഥാമാവിന്റെ അവസ്ഥപോലെ, മൂവായിരത്താണ്ട് കാലമൊന്നും പോയില്ലെങ്കിലും സുമാർ മൂന്ന് മാസക്കാലം ജയിലിലും കിടക്കേണ്ടി വന്നു.

അശ്വത്ഥാമാവിൽ ആനയുടെ അംശമുണ്ടോയെന്ന ഗവേഷണത്തിന് ശിവശങ്കരൻ സാറിനെ പ്രേരിപ്പിച്ചത് ഈ ജയിൽവാസമായിരുന്നുവത്രേ. പല ഞെട്ടിക്കുന്ന ഉൾവിളികളും ഈ വേളയിൽ അദ്ദേഹത്തിലുണ്ടായി എന്നാണ് പറയുന്നത്. അതിലൊന്നാണ് സ്വപ്നസുരേഷിന്റെ ചതി. തന്റെ സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്നത് അപ്രതീക്ഷിത വിവരമായിരുന്നു എന്നും കൈക്കൂലിയായി കിട്ടിയ ഐ ഫോൺ തന്ന് സ്വപ്ന തന്നെ ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നുമാണ് ശിവശങ്കരൻ സാർ ഇപ്പോൾ എഴുതിയ പുസ്തകത്തിൽ പറയുന്നത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന സഹായം ചോദിച്ചപ്പോൾ നിരസിച്ചു എന്നും സ്വപ്നയെ സെക്രട്ടേറിയറ്റിനകത്തെ സ്പേസ് പാർക്കിൽ ഉദ്യോഗസ്ഥയായി നിയമിക്കാൻ താൻ ആരോടും നിർദ്ദേശിച്ചിട്ടില്ലെന്നും ശിവശങ്കരൻ സാർ പറയുന്നു.

അശ്വത്ഥാമാവ് എന്ന പേരിൽ ആനയെ ഉണ്ടാക്കി കൊന്നിട്ട് അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് ധർമപുത്രരായ യുധിഷ്ഠിരൻ ഉറക്കെ പറഞ്ഞെന്നും ആന എന്നത് ശബ്ദം താഴ്ത്തി പറഞ്ഞതു കാരണം കേൾക്കാതിരുന്ന ദ്രോണർ തളർന്നുപോയെന്നും ആ ഘട്ടത്തിൽ ധൃഷ്ടദ്യുമ്നൻ ദ്രോണരെ വധിച്ചുകളഞ്ഞു എന്നൊക്കെയാണല്ലോ മഹാഭാരതത്തിലെ കഥ.

പക്ഷേ,​ മൂന്ന് മാസം ജയിലിൽക്കിടന്ന് ഗവേഷണം പൂർത്തിയാക്കിയ ശേഷം ശിവശങ്കരൻ സാർ ആധികാരികമായി പറയുന്നത് ശരിക്കും അശ്വത്ഥാമാവ് വെറും ഒരാനയാണ് എന്നാണ്. ഇതൊരാനയാണോ,​ അല്ല,​ ഇതൊരു വഴുതനങ്ങയാണോ,​ അല്ല എന്നൊക്കെയുള്ള സിനിമാ ഡയലോഗ് പോലെ തൊട്ടുപിന്നാലെ സ്വപ്ന സുരേഷ് എത്തി ശിവശങ്കരൻ സാറിനെ ഖണ്ഡിച്ചു.

സ്വപ്ന സുരേഷ് പറഞ്ഞത് വച്ചിട്ടാണെങ്കിൽ മൂന്ന് കൊല്ലത്തോളം അവരുടെ എല്ലാമെല്ലാം ശിവശങ്കരൻ സാർ മാത്രമായിരുന്നു. സ്പേസ് പാർക്കിലെ അവരുടെ ജോലിയൊക്കെ സാറിന്റെ ഒറ്റ ഫോൺവിളിയുടെ അപ്പുറത്തുണ്ടായിരുന്നുവത്രേ. സ്വപ്നയെന്ന് പറഞ്ഞാൽ സർവത്ര ശിവശങ്കരൻ സാറായിരുന്നു എന്നവർ പറയുന്നു. ഊണിലും ഉറക്കത്തിലും തൂണിലും തുരുമ്പിലുമെല്ലാം ശിവശങ്കരൻസാർ മാത്രമായിരുന്ന ജീവിതകാലത്തെയോർത്ത് പരിതപിക്കുന്ന സ്വപ്ന സുരേഷിനെ വിശ്വസിക്കണോ,​ അതോ സ്വപ്ന സുരേഷിന്റെ ചതി തിരിച്ചറിയാനേ സാധിച്ചില്ലെന്ന് പറയുന്ന ശിവശങ്കരൻ സാറിനെ നമ്പണോ?​

ഈ ദ്രോണർക്ക് ഈ അന്തരാളഘട്ടത്തിൽ തോന്നുന്നത് നമ്മുടെ എഴുത്തുകാരൻ സക്കറിയയുടെ ഒരു കഥയിൽ പറയുന്നതാണ്: " എല്ലാവർക്കുമുണ്ടെഡോ ഒരു അഭയം... തനിക്കു പോലുമുണ്ടെഡോ, പിലാത്തോസേ, ദൈവരാജ്യത്തിൽ ഒരു സംശയത്തിന്റെ ആനുകൂല്യം... "

ശിവശങ്കരൻ സാറിനും സ്വപ്ന സുരേഷിനും നല്ലത് മാത്രം ഭവിക്കട്ടെ!

ഇ-മെയിൽ: dronar.keralakaumudi@gmail.com