a-k-balan

തിരുവനന്തപുരം: പട്ടികജാതി-വർഗ്ഗ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന പ്രത്യേക ഘടക പദ്ധതി ബി.ജെ.പി സർക്കാരിന് കീഴിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടെന്ന് പുതിയ കേന്ദ്ര ബഡ്ജറ്റിലൂടെ വ്യക്തമായതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ. ബാലൻ പറ‌ഞ്ഞു.

പട്ടികജാതി-വർഗ്ഗ വിഭാഗത്തിന് നീക്കിവച്ച ഫണ്ടിൽ കുറവ് വരുത്തുമ്പോൾ അത് കണ്ടുപിടിക്കാതിരിക്കാനാണ് അവർക്കായുള്ള പ്രത്യേക ഘടകപദ്ധതി തന്നെ ബി.ജെ.പി സർക്കാർ നേരത്തേ ഒഴിവാക്കിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതിയ ബഡ്ജറ്റ് പാർശ്വവത്കൃത ജനവിഭാഗമായ പട്ടികജാതി-വർഗ്ഗ വിഭാഗക്കാരെ കൂടുതൽ പാർശ്വവത്കരിക്കുന്നതാണ്.

ബഡ്ജറ്റ് വിഹിതം മുൻവർഷത്തേക്കാൾ 4,61,673 കോടി രൂപ ഇത്തവണ വർദ്ധിച്ചെങ്കിലും പട്ടികജാതി വികസനത്തിനായി നീക്കിവച്ചത് 1,42,342 കോടി മാത്രമാണ്. ആകെ വിഹിതത്തിന്റെ 6.26 ശതമാനം മാത്രമാണിത്. രാജ്യത്തെ ജനസംഖ്യയുടെ 16.2 ശതമാനം പട്ടികജാതി വിഭാഗക്കാരും 8.2 ശതമാനം പട്ടിക വർഗ്ഗക്കാരുമാണെന്നിരിക്കെയാണ് ഈ അവഗണന.

പട്ടികജാതി വികസന പദ്ധതികൾക്കുവേണ്ടി സംസ്ഥാനങ്ങൾക്ക് പ്രത്യേക കേന്ദ്ര ധനസഹായമായി നൽകിയിരുന്ന തുകയും കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രബഡ്ജറ്റിൽ വകയിരുത്തുന്നില്ലെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി.