parishodhana-nadathunnu

കല്ലമ്പലം: തോട്ടയ്ക്കാട് ചാങ്ങാട്ട് ശ്രീഭഗവതി ക്ഷേത്രത്തിൽ കവർച്ച. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മാല, താലികൾ, പൊട്ടുകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികൾ ക്ഷേത്രത്തിന്റെ പുറത്തെത്തിച്ച് അവിടെവച്ച് പൊളിച്ച് തുട്ടുകൾ ഉപേക്ഷിച്ച് നോട്ടുകളും കവർന്നു. വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് പൂർണ്ണമായി മനസിലാകൂവെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിന് മുൻവശത്തുള്ള ഹൈ മാസ്റ്റ് ലൈറ്റ് ഓഫ്‌ ചെയ്ത് ,ക്ഷേത്രത്തിലെ കിഴക്കേ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രത്തിനു ചുറ്റും പതിനാറോളം കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫീസിനകത്ത് സ്ഥാപിച്ചിരുന്ന കാമറ കൺട്രോളും ഡി.വി.ആർ സിസ്റ്റവും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കല്ലമ്പലം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മുൻപും പലതവണ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. ഒ.എസ്. അംബിക എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്ഷേത്രം സന്ദർശിച്ചു.