
തിരുവനന്തപുരം: എം. ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ ബി.ജെ.പിയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനാണ്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളെല്ലാം സ്വപ്നയുടെ തുറന്നുപറച്ചിലോടെ പൊളിഞ്ഞു. ലൈഫ് പദ്ധതിയിൽ വിവാദ കരാറുകാരനെ ഉൾപ്പെടുത്തി കമ്മിഷൻ അടിച്ചതിന് പിന്നിൽ ശിവശങ്കറായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലോടെ സർക്കാർ പ്രതിക്കൂട്ടിലായി. സ്വർണക്കടത്തിന് സർക്കാർ വകുപ്പുകളുടെ പിന്തുണയുണ്ടായിരുന്നു. സ്വപ്‌നയുടെ ലോക്കർ ശിവശങ്കറിന്റേത് കൂടിയാണെന്നത് ഇവരുടെ കൂട്ടുകച്ചവടം തെളിയിക്കുന്നു. അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ സർവീസിൽ നിന്ന് നീക്കിയത്. സർവീസ് ചട്ടങ്ങൾ ലംഘിച്ച ശിവശങ്കറിനെ അടിയന്തരമായി പുറത്താക്കണം. എല്ലാ ഏജൻസികളുടെയും അന്വേഷണത്തിൽ സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കർ തന്നെയാണ്. സിൽവർലൈനിനായി ഭൂമി ഏറ്റെടുക്കലിനെ അനുകൂലിക്കുന്നില്ലെന്ന് റെയിൽവേ പറഞ്ഞ സ്ഥിതിക്ക് തുടർനടപടികളിൽ നിന്ന് സർക്കാർ പിന്മാറണം. ഭൂമിയേറ്റെടുക്കലിനെ ജനങ്ങളെ സംഘടിപ്പിച്ച് ബി.ജെ.പി പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് എന്നിവരും പങ്കെടുത്തു.