sajeevan

എറണാകുളം ജില്ലയിലെ മാല്യങ്കരയിൽ സജീവൻ എന്ന അൻപത്തേഴുകാരനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിക്കും മുൻപ് എഴുതി സൂക്ഷിച്ചിരുന്ന കുറിപ്പ് സർക്കാർ ഓഫീസുകളിൽ നടക്കുന്ന സേവനനിഷേധത്തിന്റെ ലക്ഷക്കണക്കിനു ഉദാഹരണങ്ങളിലൊന്നിലേക്കു വിരൽചൂണ്ടുന്നു. സ്വന്തമായുണ്ടായിരുന്ന നാലുസെന്റ് ഭൂമിയിൽ വീടുവച്ച് കുടുംബമായി കഴിഞ്ഞിരുന്ന സജീവന് നിലവിലുള്ള കടങ്ങൾ തീർക്കാൻ വീടും വസ്തുവും പണയപ്പെടുത്തേണ്ട ആവശ്യം വന്നു. ബാങ്കിനെ സമീപിച്ചപ്പോഴാണ് വീടിരിക്കുന്ന ഭൂമി നിലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വായ്‌പ നൽകാനാവില്ലെന്ന ബാങ്കിന്റെ പരിമിതി ബോദ്ധ്യമായത്. തുടർന്ന് കരഭൂമിയായി മാറ്റിക്കിട്ടാനുള്ള നെട്ടോട്ടമായി. കഴിഞ്ഞവർഷം ഫെബ്രുവരി 18 നാണ് അപേക്ഷ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിൽ നൽകിയത്. ഒരുവർഷമായിട്ടും അപേക്ഷ ഫയലിൽ കുരുങ്ങിക്കിടന്നതല്ലാതെ തീരുമാനമുണ്ടായില്ല. ഓഫീസിൽ പലകുറി കയറിയിറങ്ങി മടുത്തപ്പോഴാണ് ആത്മഹത്യാക്കുറിപ്പെഴുതിവച്ച് കുടുംബത്തെ അനാഥമാക്കി സജീവൻ ജീവനൊടുക്കിയത്.

സജീവന്റെ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികളെല്ലാം സ്വീകരിച്ചിരുന്നുവെന്നാണ് റവന്യൂ ഓഫീസ് പ്രതിരോധത്തിലായപ്പോൾ ബന്ധപ്പെട്ട ആർ.ഡി.ഒയിൽ നിന്ന് ജില്ലാ കളക്ടർക്കു ലഭിച്ച റിപ്പോർട്ട്. ചട്ടപ്രകാരം എന്നതിന് സർക്കാർ ഭാഷയിൽ എന്താണ് വിവക്ഷയെന്ന് ജനങ്ങൾക്കു നന്നായറിയാം. ആ നിലയ്ക്ക് കളക്ടർക്കുള്ള ആർ.ഡി.ഒയുടെ റിപ്പോർട്ട് സ്വന്തം തടി രക്ഷിക്കാനുള്ള അടവായേ ആർക്കും തോന്നൂ. സർക്കാർ ഓഫീസുകളിലെത്തുന്ന ഓരോ അപേക്ഷയ്ക്കു പിന്നിലും സാധാരണക്കാരന്റെ കണ്ണീരുണ്ടാകുമെന്നും ചുവപ്പുനാടയിൽ കുരുക്കാതെ പരിഹാരം കാണാനാണു ശ്രമിക്കേണ്ടതെന്നും കൂടക്കൂടെ ഓർമ്മിപ്പിക്കാറുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ സംസ്ഥാനത്തെ റവന്യൂ ഓഫീസുകളിൽ പലതും,​ ജനങ്ങൾ ഭയപ്പാടോടെ മാത്രം കാണുന്ന അഴിമതിയും കെടുകാര്യസ്ഥതയും വളർന്നു പന്തലിച്ച മനുഷ്യവിരോധികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുകയാണ്. റവന്യൂ ഓഫീസുകളുടെ സേവനം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ജീവനൊടുക്കേണ്ടിവന്നവർ സംസ്ഥാനത്ത് കുറവല്ല.

സജീവൻ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂമന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. നാടിനെ വേദനിപ്പിക്കുന്ന ഇതുപോലുള്ള സംഭവങ്ങൾ നടക്കുമ്പോഴുണ്ടാകുന്ന സാധാരണ നടപടി മാത്രമാണിത്. സജീവൻ അപേക്ഷ സമർപ്പിച്ച ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിന്റെ ചരിത്രം നാടൊട്ടുക്കും അറിയാവുന്നതാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുൻനിറുത്തി 25 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ. രായ്ക്കുരാമാനം അവരിൽ ഏറെപ്പേരും തിരികെയെത്തുകയും ചെയ്തു.

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തിലധികം അപേക്ഷകൾ ഫോർട്ട് കൊച്ചി ആർ.ഡി.ഒയ്‌ക്കു മുന്നിൽ തീരുമാനംകാത്ത് കിടപ്പുണ്ടത്രേ. സംസ്ഥാനമൊട്ടാകെ ഒന്നരലക്ഷത്തോളം അപേക്ഷകൾ വരും. ഇരുപത്തഞ്ച് സെന്റിൽ താഴെയാണ് ഭൂമിയെങ്കിൽ ഫീസൊന്നും കൂടാതെ തരംമാറ്റാം. മുൻപ് ഇതിന് ഫീസ് നൽകണമായിരുന്നു. നാല് സെന്റ് മാത്രം വരുന്ന ഭൂമിയുടെ തരംമാറ്റത്തിനു വേണ്ടിയാണ് സജീവൻ റവന്യൂ ഓഫീസുകൾ തോറും കയറിയിറങ്ങിയത്. ഫീസടയ്ക്കണമെന്ന് കാണിച്ച് തങ്ങൾ സജീവന് നോട്ടീസ് നൽകിയിട്ട് പ്രതികരണമൊന്നുമുണ്ടാകാതെ വന്നപ്പോഴാണത്രേ അപേക്ഷ മാറ്റിവച്ചതെന്നാണ് ആർ.ഡി.ഒ കളക്ടർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഫീസ് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കിയ കാര്യം ഈ ഉദ്യോഗസ്ഥൻ അറിയാതെ പോയതെങ്ങനെ? നൂലാമാലകളിൽ കുരുക്കാതെ ചെയ്യാൻ കഴിയുന്ന കാര്യമായിരുന്നില്ലേ ഇത്. ഈ രക്തത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് കൈകഴുകാൻ വ്യഗ്രത കാണിക്കുന്ന ആർ.ഡി.ഒ മനുഷ്യപ്പറ്റുള്ള സമീപനം സ്വീകരിച്ചിരുന്നെങ്കിൽ സജീവന്റെ ജീവൻ രക്ഷിക്കാമായിരുന്നു. ഫീസിളവിന് അയാൾ അപേക്ഷിച്ചിരുന്നില്ലെന്നും ആദ്യത്തെ അപേക്ഷ നിലനിൽക്കെ രണ്ടാമതും അപേക്ഷ നൽകിയതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും മറ്റുമുള്ള ആർ.ഡി.ഒ ഓഫീസിന്റെ വിശദീകരണങ്ങളും ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ലാതെ മറ്റൊന്നല്ല. അപേക്ഷയുടെ കാര്യമറിയാൻ ആ ഹതഭാഗ്യൻ പലകുറി ആർ.ഡി.ഒ ഓഫീസിൽ കയറിയിറങ്ങിയെന്നത് ആർക്കു നിഷേധിക്കാനാവും?

മൂന്നു പതിറ്റാണ്ടു മുൻപ് ഒൻപതു ലക്ഷത്തോളം ഹെക്ടർ വയലുകളുണ്ടായിരുന്ന കേരളത്തിൽ ഇന്നത് രണ്ടോ രണ്ടരയോ ഹെക്ടറായി ചുരുങ്ങിയിരിക്കുകയാണ്. ആളോഹരി ഭൂമി ലഭ്യത ഏറ്റവും കുറവായിരിക്കെ കുടുംബങ്ങൾ വിഭജിക്കപ്പെടുന്നതിന് അനുസരിച്ച് പുതിയ പാർപ്പിടങ്ങൾക്കായി നികത്തപ്പെടുന്നതത്രയും വയലുകളാണ്. വീടിനുവേണ്ടി മാത്രമല്ല, മറ്റു സംരംഭങ്ങൾക്കായും നിലങ്ങൾ വൻതോതിൽ നികത്തപ്പെടാറുണ്ട്. മുൻകാലങ്ങളിൽ നികത്തപ്പെട്ട ഭൂമി നിലമായിത്തന്നെ ഭൂരേഖകളിൽ കിടക്കുന്നതാണ് പലർക്കും ശാപമായി മാറുന്നത്. ഇത്തരം ഭൂമി തരംമാറ്റാൻ അനുമതി നൽകിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിച്ച് അപേക്ഷകരെ സഹായിക്കുകയാണു വേണ്ടത്. ഓരോ വില്ലേജിലും ഇതിനായി പ്രത്യേക സമിതികളെ വച്ച് പരിശോധന നടത്തി തീർപ്പുണ്ടാക്കാവുന്നതേയുള്ളൂ. സമയപ്പട്ടിക വച്ച് അപേക്ഷകൾ തീർപ്പാക്കാനുള്ള സംവിധാനവും ഏർപ്പെടുത്താം. അപേക്ഷകളിൽ തീരുമാനം അനിശ്ചിതമായി വൈകുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണവും വളർന്നുവരും. പല ജില്ലകളിലും ഇതിനായി ഏജൻസികളെന്ന പേരിൽ ഇടനിലക്കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ തരമനുസരിച്ച് പണവും ഈടാക്കിയാണ് സേവനമെന്നു പറയേണ്ടതില്ലല്ലോ. ഭൂമി തരംമാറ്റിക്കിട്ടിയാലും അതിന്റെ ഔപചാരികതകൾ പൂർത്തിയാക്കാൻ താലൂക്ക് ഓഫീസുകൾ കനിയണം. അപേക്ഷകരെ 'ക്ഷ" വരപ്പിക്കുന്നതിൽ ആത്മസുഖമനുഭവിക്കുന്നവർ ഏറെയുള്ള ഇത്തരം ഓഫീസുകൾ ജനങ്ങൾക്കു മെച്ചപ്പെട്ട സേവനം നൽകാൻ പാകത്തിൽ പ്രവർത്തനരീതി പരിഷ്കരിക്കാനും നടപടിയെടുക്കണം.

കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി തീർക്കാൻ റവന്യൂ വകുപ്പിൽ അടിയന്തരമായി പ്രത്യേക സെല്ലുകൾ ആരംഭിക്കാവുന്നതാണ്. സേവനം ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് പറയാറുണ്ടെങ്കിലും എവിടെയും അപേക്ഷകൻ പഞ്ചപുച്ഛമടക്കി തലകുനിച്ച് നിൽക്കേണ്ടിവരുന്ന അവസ്ഥ മാറിയേ തീരൂ. സേവനാവകാശ നിയമം വന്നശേഷവും ജനങ്ങൾ അതിനായി വർഷങ്ങൾ തന്നെ കയറിയിറങ്ങേണ്ടിവരുന്നത് തീരെ ഭൂഷണമല്ല. റവന്യൂ ഓഫീസുകൾ ജനാഭിമുഖ്യമുള്ളതായി മാറാൻ ഇനിയും സജീവനെപ്പോലുള്ളവർ ജീവനൊടുക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകരുത്.