attukal

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല 17ന് നടക്കും. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദിക്കുക. കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിക്കും. പൊങ്കാല പൊതു നിരത്തിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ നീളാതെ ശ്രദ്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

9ന് രാവിലെ 10.50ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുക. 18ന് രാത്രി ഗുരുതി തർപ്പണത്തോടെ ഉത്സവം കൊടിയിറങ്ങും. പൊങ്കാല ദിവസം ഭക്തർക്ക് ഓൺലൈൻ വഴിയോ നേരിട്ടോ പണമടച്ച് ക്ഷേത്രത്തിൽ വഴിപാടായി പൊങ്കാല നടത്താം. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കുത്തിയോട്ടത്തിനു പകരം ഒരു പണ്ടാര ഓട്ടം മാത്രമേ ഇക്കുറി ഉണ്ടാകൂ.

ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കലാപരിപാടികൾ മൂന്ന് സ്റ്റേജുകളിലായി അവതരിപ്പിക്കും. ഇക്കുറി മുത്തപ്പൻ വെള്ളാട്ടം, പടയണി, വേലകളി തുടങ്ങി പുരാതന ക്ഷേത്രകലകൾക്കു കൂടി പ്രാധാന്യം നൽകും വിധത്തിലാണ് കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 അംബാ പുരസ്കാര സമർപ്പണം ഇന്നറിയാം

ആറ്റുകാൽ ഉത്സവത്തോടനുബന്ധിച്ച് ഇൗ വർഷത്തെ അംബാ പുരസ്കാരത്തിന് അർഹനായത് നടൻ മോഹൻലാലാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അംബാ പുരസ്കാര വിതരണം നടത്തുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന പൊലീസ് അവലോകന യോഗത്തിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

 പണ്ടാര അടുപ്പ് മാത്രം

ക്ഷേത്ര പരിസരത്ത് 200 ഭക്തജനങ്ങൾക്ക് പൊങ്കാല അർപ്പിക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായെങ്കിലും ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പ് മാത്രം മതിയെന്ന നിലപാടെടുത്തിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സാമൂഹ്യ പ്രതിബദ്ധതകൊണ്ടാണ് തങ്ങൾ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. കൊവിഡ് വ്യാപനത്തോത് കുറഞ്ഞാൽ ഉത്സവം വിപുലമാക്കി നടത്തുന്നതു സംബന്ധിച്ച് പുനർ ചിന്തനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.