
തിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സംസ്ഥാനം പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.പി.ആർ തയ്യാറാക്കിയതിൽ വലിയ ദുരൂഹതയുണ്ട്. സി.പി.എമ്മിന്റെ പരിസ്ഥിതി നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയോട് സീതാറാം യെച്ചൂരി ആവശ്യപ്പെടണം. സിൽവർലൈൻ എം.ഡി അജിത്ത്കുമാർ പിണറായി വിജയന്റെ ബിനാമിയാണ്. മുഖ്യമന്ത്രിക്കും മാർക്‌സിസ്റ്റ് പാർട്ടിക്കും കോടികൾ കമ്മിഷൻ വാങ്ങി നൽകാനാണ് അജിത്ത് പ്രവർത്തിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.