
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതി-രാമേശ്വരം-അമരവിള റോഡ് നവീകരണത്തോടനുബന്ധിച്ചുളള ടാറിംഗ് വൈകുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. പാലക്കടവ് പാലത്തിലെ ക്രോസ്വേയും അപകടഭീഷണിയിലാണ്. നെയ്യാറ്റിൻകര കോടതി റോഡിന്റെ പാലക്കടവ് മുതൽ രാമേശ്വരം - കണ്ണംകുഴി-അമരവിള വരെയുള്ള റോഡാണ് ടാറിംഗ് നടത്താത്തതിനാൽ കാൽനട യാത്രപോലും ചെയ്യാൻ കഴിയാതെ ദുഃസ്സഹമായിട്ടുളളത്. ടാറിംഗ് വൈകുന്നതിനാൽ റോഡിലെ സിമന്റും മെറ്റലും ഇളകിത്തെറിച്ചുള്ള പൊടിശല്യവും രൂക്ഷമാണ്. വേനൽ കടുത്തതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരം മുഴുവൻ പൊടിപടലങ്ങളാൽ നിറയും. റോഡിനോട് ചേർന്നുള്ള വീടുകളടക്കമുള്ള കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം പൊടിയിൽ മുങ്ങുന്ന അവസ്ഥയിലാണ്. പൊടിശല്യത്താലുള്ള അലർജിയും രൂക്ഷമാണെന്ന് സമീപവാസികൾ പറയുന്നു.
നെയ്യാറ്റിൻകര കൃഷ്ണൻകോവിൽ ജംഗ്ഷൻ മുതൽ ദേശീയപാതയോട് ചേരുന്ന റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും പാലക്കടവ് മുതൽ അമരവിള വരെയുളള റോഡിനായി രണ്ടര കോടി രൂപയുമാണ് പി.ഡബ്ല്യു.ഡി അനുവദിച്ചിട്ടുളളത്. ഇതിൽ പാലക്കടവ് മുതൽ അമരവിള വരെയുള്ള റോഡിന്റെ ആദ്യഘട്ട നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിച്ച് ലെയറുകളായി ബി.എം ആൻഡ് ബി.സി നിർമ്മാണ വിദ്യ ഉപയോഗിച്ചാണ് റോഡ് പണി തയ്യാറാക്കിയിട്ടുളളത്. ഇരട്ട ടാറിംഗാണ് ഇനി ബാക്കിയുളളത്. മാസങ്ങൾക്ക് മുമ്പ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തി നവീകരണം ആരംഭിച്ചെങ്കിലും ആദ്യഘട്ട പണി പൂർത്തിയാക്കി 8 മാസം പിന്നിട്ടിട്ടും ടാറിംഗ് നടത്തി റോഡ് നവീകരണം പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ടാർ മിക്സിംഗിനായി സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് ടാറിംഗ് വൈകുന്നതിന് കാരണമായി കരാറുകാരൻ പറയുന്നത്. വെളളറടയിൽ ജനവാസം കുറഞ്ഞ സ്ഥലത്ത് ഇതിനായി സ്ഥലം കണ്ടെത്തിയെങ്കിലും അവിടെയും ജനങ്ങളുടെ എതിർപ്പ് കാരണം പദ്ധതി വൈകുന്നതായാണ് പറയുന്നത്.
വില്ലനായി അമിതഭാരം
ദേശീയപാതയിൽ ബാലരാമപുരം മുതൽ പാറശ്ശാല വരെയുളള റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഭൂരിഭാഗം വാഹനയാത്രക്കാരും നെയ്യാറ്റിൻകര നിന്ന് അമരവിളയിലെത്തിച്ചേരാൻ കൂടുതലായും ആശ്രയിക്കുന്നത് കോടതി റോഡിൽ നിന്ന് പാലക്കടവ് വഴിയുള്ള റോഡാണ്. രാപകലില്ലാതെ ഇതു വഴിയുളള അമിതഭാരം കയറ്റിയ വാഹനയാത്രയാണ് റോഡ് തകർച്ചയ്ക്ക് കാരണം. പൈപ്പ് പൊട്ടലും പതിവായിരുന്ന ഇവിടെ ജനങ്ങളുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുമ്പാണ് 14 ലക്ഷം രൂപ ചെലവിൽ വലിയ പൈപ്പ് ലൈൻ കുടിവെള്ളവിതരണത്തിന് മാറ്റി സ്ഥാപിച്ചത്. റോഡിന്റെ തകർച്ച പാലക്കടവ് പാലത്തിനും ബലക്ഷയമുണ്ടാക്കുന്നുണ്ട്. പാലത്തിന് സമീപം സ്ഥിതിചെയ്യുന്ന ചെക്ക് പോസ്റ്റിൽ ഭാരം കയറ്റിയ വാഹനങ്ങളെ തടയാനായി ക്രോസ്ബാർ സ്ഥാപിക്കണമെന്ന കോടതി വിധിയുണ്ടായിട്ടും അതും നടപ്പായില്ല.