
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പിലായാൽ അത് കേരളത്തിലെ കാൻസർ ചികിത്സയ്ക്ക് ഏറെ ഗുണകരമാകുമെന്ന് ആർ.സി.സി എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിവർഷം കാൻസർ ചികിത്സയ്ക്കും തുടർചികിത്സയ്ക്കുമായി ആർ.സി.സി യിൽ മൂന്നു ലക്ഷത്തിലധികം രോഗികളാണ് എത്തുന്നത്. മലപ്പുറം,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ ചികിത്സയ്ക്കായി വരുന്നത്. ചികിത്സയുടെ ഭാഗമായി താമസസൗകര്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർ കണ്ടെത്തേണ്ടി വരുന്നു. കുടുംബത്തിന്റെ ഉപജീവനമാർഗം തന്നെ നഷ്ടപ്പെടുന്ന അവസ്ഥ എത്തുന്ന കാരണം പലരും ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. സിൽവർലൈൻ വന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നും അസോസിയേഷൻ സെക്രട്ടറി ഗിരീഷ് കുമാറും പ്രസിഡന്റ് പി. ജയകുമാറും അറിയിച്ചു.