1

പൂവാർ: ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കരുംകുളം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് നിവാസികളായ അപേക്ഷകർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായെത്തിയാണ് സമരത്തിൽ പങ്കുകൊണ്ടത്.

അപേക്ഷകൾ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി വൈകുന്നു എന്നതാണ് പ്രധാന ആരോപണം. സി.ആർ.ഇസഡ് മേഖലയിൽ നിന്നുള്ള അപേക്ഷകരെ മന:പ്പൂർവ്വം വൈകിപ്പിച്ച് വീട് ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയാണ് ഭരണസമിതി ചെയ്യുന്നതെന്ന് സമരക്കാർ പറഞ്ഞു. സി.ആർ.ഇസഡ് മേഖലയിലെ താമസക്കാർക്ക് സർവ്വേ നമ്പർ ഇല്ലാത്തതിനാൽ വില്ലേജിൽ നിന്നും കൈവശാവകാശരേഖ ലഭിക്കാറില്ല. ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള അപേക്ഷകൾ ഗ്രാമ പഞ്ചായത്തിന് നൽകുമ്പോൾ അവ താലൂക്ക് സർവ്വേയർക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. ഇതിൽ കാലതാമസമുണ്ടായത് പലർക്കും വീട് ലഭിക്കുമോ എന്ന ആശങ്കയിലാണെന്നും അവർ പറഞ്ഞു.

എന്നാൽ സി.ആർ.ഇസഡ് മേഖലയിൽ നിന്നും ലഭിച്ച എല്ലാ അപേക്ഷകളും ഘട്ടം ഘട്ടമായി താലൂക്ക് സർവ്വേയർക്ക് കൈമാറിയിട്ടുണ്ട്. 152 അപേക്ഷകളിൽ 62 അപേക്ഷകൾ അന്വേഷണം പൂർത്തിയാക്കി തിരികെ ലഭിച്ചു. മറ്റുള്ളവ ക്രമമായി അന്വേഷണം നടന്നു വരുന്നു. കിട്ടുന്ന മുറക്ക് നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ പറഞ്ഞു.