തിരുവനന്തപുരം: ഒരുവർഷമായി തുറക്കാത്ത നഗരസഭയിലെ മൾട്ടിലെവൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നു. ഇന്നലെ നടന്ന കൗൺസിലിൽ നിരക്ക് നിശ്ചയിക്കാനുള്ള അജൻഡയിലെ ചർച്ച ഭരണപക്ഷ പ്രതിപക്ഷ പോരിന് വഴിവച്ചു. പൊതുജനങ്ങൾക്ക് പാർക്കിംഗിന് നിശ്ചയിച്ചിട്ടുള്ള 30 രൂപ പിൻവലിച്ച് എല്ലാവർക്കും സൗജന്യ പാർക്കിംഗ് നൽകണമെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആവശ്യപ്പെട്ടു. എന്നാൽ നടത്തിപ്പിന് തുകയാകുമെന്നും തനതുഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിനാൽ പണം ഈടാക്കുമെന്നും മരാമത്ത് ചെയർമാൻ ഡി.ആർ. അനിൽ തുറന്നടിച്ചു.

പാർക്കിംഗ് കേന്ദ്രം സൗജന്യമായി പൊതുജനങ്ങൾക്ക് നൽകുന്നതുവരെ ബി.ജെ.പി കൗൺസിലർമാർ തങ്ങളുടെ വാഹനം അതിനകത്ത് പാ‌ർക്ക് ചെയ്യില്ലെന്ന് ആഹ്വാനം ചെയ്‌തു. നഗരത്തിലെ പ്രമുഖ അബ്കാരിയെ ഇടനിലക്കാരനാക്കി കോയമ്പത്തൂരിൽ പോയി കമ്പനിയെ കണ്ടെത്തിയെന്നും ഇതിന്റെ നിർമ്മാണത്തിൽ അപാകതകളും അഴിമതിയുമുണ്ടെന്നും ബി.ജെ.പി ആരോപിച്ചു.

നിരക്ക് മാറ്റില്ലെന്ന കർശന നിലപാട് ഭരണപക്ഷം സ്വീകരിച്ചതോടെ ബി.ജെ.പി ഇറങ്ങിപ്പോയി. കാർ പാർക്കിംഗ് പ്രശ്‌നം വേഗം പരിഹരിക്കണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. പാർക്കിംഗ് കേന്ദ്രത്തിൽ 40% സ്ഥലം കൗൺസിലർമാർക്കും ജീവനക്കാർക്കും നീക്കിവയ്ക്കണമെന്ന നിർദ്ദേശം വെട്ടിച്ചുരുക്കി 25% ആക്കി. ആദ്യ രണ്ട് മണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10രൂപ വീതവും ഈടാക്കാനാണ് പുതിയ തീരുമാനം. ആദ്യ രണ്ടുഫ്ലോർ ജീവനക്കാർക്കായി നീക്കിവയ്ക്കണമെന്ന നിർദ്ദേശവും നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചു.
പൊതുജനങ്ങളെ പാർക്കിംഗ് കേന്ദ്രത്തിലേക്ക് ആകർഷിക്കാൻ പൊലീസുമായി ചേർന്ന് വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. പാർക്കിംഗ് ഒഴിവുണ്ടെങ്കിൽ സ്‌മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പുവഴി അറിയാൻ സോഫ്ട്‌വെയർ പരിഷ്‌ക്കരിക്കുമെന്നും മേയർ വ്യക്തമാക്കി. അതേസമയം സൗജന്യ പാർക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യുവമോർച്ച പാർക്കിംഗ് കേന്ദ്രത്തിനകത്തുകയറി പ്രതിഷേധിച്ചു.

പാർക്കിംഗ് കേന്ദ്രത്തിലെ

വയറുകൾ എലികരണ്ടു

ഏഴരക്കോടി രൂപ മുടക്കി നിർമ്മിച്ച പാർക്കിംഗ് കേന്ദ്രം ഇടയ്‌ക്ക് പണിമുടക്കിയിരുന്നു. കേന്ദ്രത്തിലെ പ്രധാന വയറുകൾ എലികൾ കരണ്ടത് കാരമാണിതെന്നാണ് നഗരസഭയുടെ വിശദീകരണം. ഈ പ്രശ്‌നത്തിന് പരിഹാരമില്ലേ എന്നാണ്

പ്രതിപക്ഷത്തിന്റെ ചോദ്യം.

വാഹനങ്ങൾ കയറ്രുമ്പോൾ ഇത്തരത്തിൽ പണിമുടക്കിയാൽ എന്ത് സുരക്ഷയാണുള്ളതെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകണം. വാഹനം അകത്തുനിന്ന് പുറത്തിറക്കണമെങ്കിലോ പാർക്ക് ചെയ്യണമെങ്കിലോ കൂടുതൽ സമയമെടുക്കുന്നതായും ആക്ഷേപമുണ്ട്. മുൻപരിചയമില്ലെന്നും സാങ്കേതികമായി തടസങ്ങൾ നേരിട്ടെന്നും ഭരണപക്ഷ അംഗം ചൂണ്ടിക്കാട്ടിയിരുന്നു. നിർമ്മാണത്തിലെ പാകപ്പിഴയാണ് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 2020ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തപ്പോഴും അഗ്നിശമന സേനയുടെയും ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും അനുമതി ലഭിച്ചിരുന്നില്ല.

വാർഷിക മെയിന്റനൻസ് കോൺട്രാക്ടിനെ പറ്റിയുള്ള വിവരവും ഭരണസമിതി ഇതുവരെ പുറത്തുവിട്ടില്ല. 4.25 ലക്ഷം രൂപയാണ് പ്രതിമാസം നഗരസഭ തനതുഫണ്ടിൽ നിന്ന് നടത്തിപ്പിനായി കരാർ കമ്പനിക്ക് നൽകേണ്ടത്.