
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി പറഞ്ഞു. കേസ് നന്നായി അന്വേഷിച്ചിരുന്നെങ്കിൽ ശിവശങ്കറിനും സ്വപ്നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലിൽ പോകുമായിരുന്നു.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെതിരെ നടക്കുന്നതുപോലെ സ്വർണക്കടത്തിലും പുനഃരന്വേഷണം അനിവാര്യമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കിയത്. അരക്കിട്ടുറപ്പിച്ച ബി.ജെ.പി - സി.പി.എം ബന്ധമാണ് ഒത്തുതീർപ്പിന് വഴിയൊരുക്കിയത്. മുഖ്യമന്ത്രിയിലേക്ക് സംശയം നീളാനുള്ള നിരവധി സംഭവങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയത്. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഉപകരണം മാത്രമായിരുന്നു. എന്നാൽ ഒരു പെറ്റിക്കേസ് പോലും മുഖ്യമന്ത്രിക്കെതിരെയുണ്ടായിട്ടില്ല. പുസ്തകമെഴുതിയതിന്റെ പേരിൽ രാജുനാരായണ സ്വാമിക്കും ജേക്കബ് തോമസിനും എതിരേ നടപടി സ്വീകരിച്ചവരാണ് ശിവശങ്കറിനെ സംരക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
സ്വർണക്കടത്തിൽമുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തം: സതീശൻ
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തലോടെ ഈ ഇടപാടിന് പിന്നിലുള്ളവരെ സഹായിച്ചതും രക്ഷപ്പെടുത്താൻ കൂട്ടുനിന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്ന തരത്തിൽ ഈ സ്ത്രീയുടെ പേരിൽ വന്ന ശബ്ദസന്ദേശം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും വ്യക്തം. ആരുടെ നേതൃത്വത്തിൽ എവിടെ വച്ചാണ് ഇത്തരമൊരു ശ്രമം ഉണ്ടായതെന്ന് അന്വേഷിക്കണം.
കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഒരുവട്ടം കൂടി സ്ഥാപിക്കപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എല്ലാ സാമ്പത്തിക അഴിമതിയുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ പ്രതിക്ക് ശമ്പളമായി നൽകിയ ലക്ഷങ്ങൾ ഉത്തരവാദികളിൽ നിന്ന് ഈടാക്കണം.
ഒരു സുപ്രഭാതത്തിൽ എല്ലാ കേന്ദ്ര ഏജൻസികളും സ്വർണ്ണക്കടത്ത് അന്വേഷണം അവസാനിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ അവിഹിത ധാരണയുടെ ഭാഗമായിരുന്നു ഇത്. കള്ളക്കടത്ത് സംഘത്തിന് എല്ലാ സഹായങ്ങളും നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുന്നത് അപമാനകരമാണെന്നും സതീശൻ പറഞ്ഞു.