
തിരുവനന്തപുരം: പഠനത്തിൽ ശ്രദ്ധിക്കാത്തതിന് സ്‌കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരം ചികിത്സയ്‌ക്കെത്തിയ 13 കാരനെ പീഡിപ്പിച്ച മനോരോഗ വിദഗ്‌ദ്ധനെ അതിവേഗ കോടതി ആറ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. കുര്യാത്തി, മണക്കാട് സ്വദേശി ഡോ. ഗിരീഷിനെയാണ് (55)
പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആർ. ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പോക്സോ കേസിൽ ആദ്യമായാണ് ഡോക്ടറെ ശിക്ഷിക്കുന്നത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികതടവ് അനുഭവിക്കണം. മണക്കാട് 'തണൽ" മാനസിക ആരോഗ്യ കേന്ദ്രം നടത്തിയിരുന്ന ഡോ. ഗിരീഷ് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറാണ്.
2017 ആഗസ്റ്റ് 14ന് വൈകിട്ട് ഏഴരയ്‌ക്ക് പ്രതിയുടെ മണക്കാട്ടെ ക്ലിനിക്കിലായിരുന്നു സംഭവം. രക്ഷാകർത്താക്കൾക്കൊപ്പമാണ് എട്ടാം ക്ളാസുകാരനായ വിദ്യാർത്ഥി സ്‌കൂളിൽ മനഃശാസ്ത്രത്തിന് ക്ളാസെടുക്കുന്ന ഡോ. ഗിരീഷിനെ കാണാനെത്തിയത്. അതിനിടെ മാതാപിതാക്കളെ പരിശോധന മുറിക്ക് പുറത്തിറക്കിയ ശേഷമായിരുന്നു പീഡനം.
തുടർന്ന് ഇക്കാര്യം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. വീട്ടിലേക്ക് പോകുമ്പോൾ കുട്ടി അസ്വസ്ഥനായതോടെ വീട്ടുകാർ കാര്യം തിരക്കി. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാരാണ് ചെെൽഡ് ലെയിൻ പ്രവർത്തകരെ വിവരമറിയിച്ചത്. തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു.
സമാനമായ മറ്റൊരു കേസിന്റെ വിചാരണ ഇതേ കോടതിയിൽ പ്രതിക്കെതിരെ ഉടൻ ആരംഭിക്കും. സർക്കാരിനു വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.