chennithala

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലോടെ സ്വർണക്കള്ളക്കടത്തിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാകാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ കേസ് പുനഃരന്വേഷിക്കണം. സ്‌പ്രിൻക്ളർ അഴിമതി സംബന്ധിച്ചും എം.ശിവശങ്കറിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വർണക്കടത്തിനും ലൈഫ് മിഷനിൽ കോടികൾ തട്ടാനും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചെന്ന വസ്തുത തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മുന്നണിയും നയം വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥനെ സർവീസിൽ വച്ചോണ്ടിരിക്കണോയെന്ന് ആലോചിക്കണം. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കാനുള്ള മര്യാദ മുഖ്യമന്ത്രിയും ഇടതുമുന്നണിയും കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.