
വിഴിഞ്ഞം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ വിഴിഞ്ഞം ഉച്ചക്കട മരുതൂർക്കോണം റോഡിൽ കുത്തേറ്റുമരിച്ച പയറ്റുവിള ആർ.സി ചർച്ചിനുസമീപം തേരിവിള പുത്തൻവീട്ടിൽ ബി. സജികുമാറിന്റെ (44) മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹവുമായി ആംബുലൻസ് ഉച്ചക്കടയിലെത്തിയപ്പോൾ സജികുമാറിന്റെ സുഹൃത്തുക്കളും കുറച്ച് നാട്ടുകാരും മൃതദേഹം സംഭവസ്ഥലത്ത് വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിഴിഞ്ഞം പൊലീസ് അനുമതി നിഷേധിച്ചതോടെ സംഘർഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് ഇടപെട്ടു നാട്ടുകാരെ അനുനയിപ്പിച്ചു.
3ന് രാത്രിയായിരുന്നു സംഘർഷം. ചെറുകുടലിനേറ്റ മാരക മുറിവാണ് മരണകാരണമെന്ന് അന്വേഷണച്ചുമതലയുള്ള വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. സജികുമാറിന്റെ തുടയിലും കുത്തേറ്റിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പയറ്റുവിള വട്ടവിളയിൽ മാക്കാൻ ബിജു എന്ന വിജുകുമാർ (42), കുഴിവിള വടക്കരികത്ത് പുത്തൻവീട്ടിൽ കോരാളൻ എന്ന രാജേഷ് (45) എന്നിവരെ റിമാൻഡ് ചെയ്‌തു.
സംഭവത്തിൽ പിടിയിലാകാനുള്ള റജി, സുധീർ, സജി എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. സജികുമാറിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. തെളിവെടുപ്പ് നടത്താനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.