e-sanjeevani

തിരുവനന്തപുരം: മൂന്നാം തരംഗത്തിനെ തുടർന്ന് സംസ്ഥാനത്ത് വീട്ടിൽ ചികിത്സയിലുള്ള രോഗികൾക്കായി കൂടുതൽ ഡോക്‌ടർമാരെ ഇ-സഞ്ജീവനിയിൽ നിയമിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് ഒ.പിയിൽ പകൽ സമയത്ത് 15 മുതൽ 20 ഡോക്‌ടർമാരും രാത്രിയിൽ നാലുപേരെയുമാണ് നിയമിച്ചത്. ഒരു മിനിറ്റിൽ താഴെയാണ് കാത്തിരിപ്പ് സമയം. രോഗികൾ കൂടുകയാണെങ്കിൽ ഡോക്‌ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്ന ജനറൽ ഒ.പിയിൽ ഏത് എല്ലാ അസുഖങ്ങളുടെയും ചികിത്സ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് സേവനം തേടാം. ആറ് മിനിറ്റ് 15 സെക്കൻഡാണ് ഒരു പരിശോധനയ്‌ക്കായി ശരാശരി ചെലവിടുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഡോക്‌ടർ ടൂ ഡോക്‌ടർ സേവനവും ലഭ്യമാണ്.

 എങ്ങനെ ഡോക്‌ടറെ കാണാം?

https://esanjeevaniopd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കുകയോ ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പരിലൂടെ ലോഗിൻ ചെയ്‌ത ശേഷം ലഭിച്ച ടോക്കൺ നമ്പർ ചേർത്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാം. ദിശ നമ്പർ: 104, 1056, 0471 2552056, 2551056.

കണക്കുകൾ ഇങ്ങനെ

 ഇ സഞ്ജീവനിയിലൂടെ സേവനം ലഭിച്ചത്- 3.5 ലക്ഷം പേർക്ക്

 ഒരു മാസത്തിനിടെ 18,000 ത്തിലധികം പേർ

 ദിവസം ശരാശരി 1000 മുതൽ 1500 രോഗികൾ