feb05d

ആറ്റിങ്ങൽ: ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നാവായിക്കുളം സ്വദേശി ആദർശിന് (27)​ 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
വീട്ടിലെ ടി.വി കേടായതിനാൽ ബന്ധുവായ പ്രതിയുടെ വീട്ടിൽ ടി.വി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ ഭാവമാറ്റത്തെ തുടർന്നുള്ള അദ്ധ്യാപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. കല്ലമ്പലം എസ്.ഐ രാജേഷ് അന്വേഷണം നടത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസീൻ ഹാജരായി.