
കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിലെ വാവോട് നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം. വാർഡിൽ കുടിവെള്ളം ഉൾപ്പെടെയുള്ള ആ വശ്യങ്ങൾക്കായി നാട്ടുകാർക്ക് വളരെ ബദ്ധിമുട്ടാണിപ്പോൾ.
ജലജീവൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഈ പ്രദേശങ്ങളിൽ മുഴുവൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും വാട്ടർ കണക്ഷണുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിൽ തന്നെ 98 ശതമാനം പണികൾ പൂർത്തീകരിക്കുകയും വീടുകളിൽ വാട്ടർ കണക്ഷൻ എത്തിക്കുകയും ചെയ്തിട്ട് മാസങ്ങളായി. എന്നാൽ ഈ റോഡിന്റെ പണി നടക്കുന്നതുകാരണം പലയിടങ്ങളിലായി ലൈൻ പൊട്ടി. ഇതോടെയാണ് പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയായത്.
മലയോര മേഖലയിലെ ഉയർന്ന പ്രദേശമായതിനാൽ വേനൽ കനത്തതോടെ കിണറുകളിലുള്ള വെള്ളം ഇല്ലാതെയായി. വാവോട് വാർഡിലെ നാൽ പാറകുഴി, ആടുവള്ളി, ചൊവ്വള്ളി, പാങ്കാട്, വാവോട്, ഇടവാച്ചൽ എന്നീ പ്രദേശങ്ങളിലെ ഇരുന്നോറോളം കുടംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ പ്രദേശവാസികളുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. മലയോര ഹൈവേ റോഡിന്റെ ഭാഗമായി പണി നടക്കുന്ന കള്ളിക്കാട് ഇടവാച്ചൽ റോഡിന്റെ പണിയുടെ പേര് പറഞ്ഞാണ് വാട്ടർ അതോറിട്ടി അധികൃതർ ഒഴിഞ്ഞു മാറുന്നത്. ജല ജീവൻ പദ്ധതിയുടെ പൈപ്പ് കണക്ഷനും റോഡ് പണിയുമായി ഒരു ബന്ധവും ഇല്ലാന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധം പോലുള്ള സമരങ്ങൾ തുടങ്ങുമെന്ന് നാട്ടുകാർ പറയുന്നു.