
തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും പട്ടികയുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ച നാളെ കെ.പി.സി.സി ആസ്ഥാനത്ത് തുടങ്ങും. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നൽകും. വ്യാഴാഴ്ചയോടെ കെ.പി.സി.സി സെക്രട്ടറിമാരുടെയും പിന്നാലെ ഡി.സി.സി ഭാരവാഹികളുടെയും പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് നീക്കം. അതിന് പിന്നാലെ പ്രഖ്യാപനമുണ്ടാകും.
കെ.പി.സി.സി സെക്രട്ടറിമാരായി നാല്പത് പേരെ നിയമിക്കാനാണ് ധാരണ. ഇരുന്നൂറോളം പേരുകളാണ് നേതാക്കളുടെ പക്കലുള്ളത്. സാമുദായിക, സാമൂഹ്യ സമവാക്യങ്ങൾ പാലിച്ച് അർഹരായ നാല്പത് പേരെ തിരഞ്ഞെടുക്കുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിനുള്ളത്.
സാദ്ധ്യതാപേരുകളുമായാണ് കെ. സുധാകരൻ ഡൽഹിക്ക് പോയത്. പ്രതിപക്ഷനേതാവും പിന്നാലെ ഡൽഹിയിലെത്തി ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾ നടന്നെങ്കിലും അന്തിമരൂപമായില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള കൂടിയാലോചനകളാവും തിരുവനന്തപുരത്ത് നടക്കുക. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും.
ഡി.സി.സി ഭാരവാഹികളുടെയും എക്സിക്യുട്ടീവിന്റെയും കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടതും കെ.പി.സി.സിയാണ്. ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റുമാരും ചേർന്ന് കൈമാറിയ കരട് പട്ടികയിൽ നിന്നാണ് അന്തിമപട്ടിക തയാറാക്കേണ്ടത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളൊഴികെ എല്ലായിടത്തുനിന്നും കരടു പട്ടിക കെ.പി.സി.സിക്ക് ലഭിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളുടെയും പട്ടിക ഉടൻ കൈമാറാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മിക്കവാറും ഇന്നുതന്നെ പട്ടിക അവർ കൈമാറിയേക്കും.
ഗ്രൂപ്പുകളെ വലിയതോതിൽ പിണക്കാതെയും സാമൂഹ്യ, സാമുദായിക പരിഗണനകൾ ഉറപ്പാക്കിയും അർഹരായവരെ തഴയാതെയും വേണം പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ. കെ.പി.സി.സി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ പേരിൽ മാത്രം അർഹരായവർ തഴയപ്പെടുന്നുവെന്ന ആക്ഷേപം ചില ജില്ലകളിൽ നിന്ന് ഉയർന്നിട്ടുമുണ്ട്. ഇത് പരിഹരിച്ചില്ലെങ്കിലും നേതൃത്വത്തിന് തലവേദനയാകും.