
തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീൽ യു.എ.ഇ കോൺസുലേറ്റുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും കോൺസുൽ ജനറലുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്നും സ്വപ്നയുടെ വെളിപ്പെടുത്തൽ. തനിക്ക് ജലീലുമായി ഔദ്യോഗികബന്ധം മാത്രമാണുള്ളത്. മറ്റ് ചർച്ചകളൊക്കെ അദ്ദേഹം കോൺസുലേറ്റുമായി നേരിട്ടാണ് നടത്തുക. ചടങ്ങുകൾക്ക് ജലീലിനെ അതിഥിയായി വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിക്കാൻ ജലീൽ വിളിച്ചിരുന്നെന്നും സ്വപ്ന പറഞ്ഞു.
അതേസമയം സത്യസന്ധമാണ് പ്രവർത്തിച്ചതെന്നും അതിനാൽ ഭയപ്പാടില്ലെന്നുമാണ് ജലീൽ പ്രതികരിച്ചത്. കാലം വൈകിയാലും സത്യത്തിന് പുറത്തുവരാതിരിക്കാനാവില്ലെന്നും തന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ജലീൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കോൺസുലേറ്റുമായി ബന്ധപ്പെടാൻ എന്ത് അധികാരമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു.
 ഗൂഢാലോചനകൾ പൊളിയും, മിശിഹ മുകളിലുണ്ട്:ജലീൽ
എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയുമെന്നും ഈശോ മിശിഹ മുകളിലുണ്ടെന്നും കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. തന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീൽ കുറിച്ചു.
 പോസ്റ്റിന്റെ പൂർണരൂപം
''എന്തൊക്കെയായിരുന്നു പുകിൽ. എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ. പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്കും അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും.""