
തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള
ഞായറാഴ്ച നിയന്ത്രണം നടപ്പിലാക്കുന്നതിന് സിറ്റി പൊലീസ് വിപുലമായ പരിശോധനാ സംവിധാനം ഏർപ്പെടുത്തിയതായി കമ്മീഷണർ ജി.സ്പർജൻകുമാർ അറിയിച്ചു.നഗരാതിർത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങൾ ബാരിക്കേഡ് അടച്ചു വാഹന പരിശോധന നടത്തും.നഗരത്തിനുള്ളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് രണ്ട് തലങ്ങളായി തിരിച്ചാണ് വാഹന പരിശോധന നടത്തുന്നത്.ഇപ്രകാരം മേഖല ഒന്നിൽ 38
ചെക്കിംഗ് പോയിന്റുകളും മേഖല രണ്ടിൽ 27 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.അനാവശ്യ യാത്രകൾ നിയന്ത്രിക്കുന്നതിനും മറ്റു സുരക്ഷ പരിശോധന നടത്തുന്നതിനുമായി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഓമാരുടെ നേതൃത്വത്തിൽ രണ്ടു വീതം ജീപ്പ്, ബൈക്ക് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് വിഭാഗത്തിൽനിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വാഹന പരിശോധനയ്ക്കായി നിയമിക്കും.വാഹനങ്ങൾ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും മറ്റു അവശ്യ സർവീസ് വിഭാഗത്തിൽ പ്രവൃത്തിയെടുക്കുന്നവർക്കും മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളു. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.