പോത്തൻകോട്: പട്ടാപ്പകൽ നടുറോഡിൽ വെട്ടുകത്തിയുമായി ഓട്ടോ ഡ്രൈവർ നടത്തിയ കൊലവിളിയിൽ ഭയന്ന് നാട്ടുകാർ. ഇന്നലെ വൈകിട്ട് പോത്തൻകോട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. ആയുധവുമായി പോർവിളി നടത്തുന്ന രംഗം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഓട്ടോഡ്രൈവറായ പോത്തൻകോട് സ്വദേശി സച്ചുവാണ് വെട്ടുകത്തിയുമായി പോർവിളി നടത്തിയത്. മറ്റൊരു ഓട്ടോ ഡ്രൈവർ മനുമോഹനുമായുള്ള വാക്കുതർക്കത്തിനൊടുവിലാണ് സംഭവം. മുൻ വൈരാഗ്യത്തിൽ മനുമോഹനെ വെട്ടാനാണ് സച്ചു വെട്ടുകത്തിയുമായെത്തിയത്. മറ്റ് ഡ്രൈവർമാരും നാട്ടുകാരും ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി.

സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടില്ല. ആക്രമണം നടത്തിയതിന് സച്ചുവിനെതിരെ മുമ്പ് പോത്തൻകോട് പൊലീസ് കേസെടുത്തിരുന്നു.