തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായ മന്ത്രിമാരായ കെ.രാധാകൃഷ്ണനും എ.കെ ശശീന്ദ്രനും ഇന്ന് ആറളം ഫാം സന്ദർശിക്കും. രാവിലെ 10ന് ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജനപ്രധിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും.വനം പൊതുമരാമത്ത് പട്ടിക വർഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയും മന്ത്രിമാർക്കൊപ്പം ആറളത്തെത്തും. മതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിലുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്. ദീർഘകാല ശാശ്വത പരിഹാരമാണ് ഈ വിഷയത്തിലുണ്ടാകേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ഫാമിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.