
ലതാജിയുടെ മീരാഭജൻസിന്റെ വലിയ ആരാധികയാണ് ഞാൻ. സാവ്‌രാ, നന്ദ നന്ദന ബുച്ച് പഡിയാ മാരി ഒക്കെ എത്രവട്ടം കേട്ടുവെന്ന് അറിയില്ല. അതു കേൾക്കുന്ന ദിവസം വല്ലാത്ത ഉന്മേഷമാണ്.
ലതാജിക്ക് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് കിട്ടിയപ്പോൾ മദ്രാസ് - തെലുങ്ക് അക്കാഡമി ചെന്നൈയിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്ന് രാവിലെ എനിക്ക് എസ്.പി.ബി സാറുമൊത്ത് റെക്കോഡിംഗ് ഉണ്ടായിരുന്നു. വൈകിട്ട് ലതാജിയെ അനുമോദിക്കുന്ന പരിപാടി ഉണ്ടെന്നും അതിന്റെ അവതാരകനാണെന്നും കുറച്ച് നേരത്തേ പോകണമെന്നും അദ്ദേഹം മ്യൂസിക് ഡയറക്ടറോട് പറയുന്നതു കേട്ടു. ലതാജി വരുന്നത് അപ്പോഴാണ് അറിയുന്നത്. ഞാനും വന്നോട്ടെയെന്ന് ചോദിച്ചു. കണ്ട് അനുഗ്രഹം വാങ്ങിച്ചാൽ മതിയെന്നും പറഞ്ഞു. അതിനെന്താ നീ വന്നോ, ബാക്സ്റ്റേജിൽ വന്നാൽ മതിയെന്ന് പറഞ്ഞ് സമയവും തന്നു. ലതാജി ബാക്സ്റ്റേജിൽ വന്നപ്പോൾത്തന്നെ എന്നെ പരിചയപ്പെടുത്തി. 'മേംനെ സുനാ ഥാ' (ഞാൻ കേട്ടിട്ടുണ്ട്) എന്ന് ലതാജി പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. വലിയ ഗായികയാണ് അതു പറയുന്നത്. കൂടെ നിറുത്തി ഫോട്ടോയെടുത്തു. ലതാജിയുമൊത്ത് എന്റെ കൈയിൽ ആകെയുള്ള ചിത്രമാണത്.
വീണ്ടും കണ്ടത് ലതാജിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് മുംബയിൽ നടന്ന സംഗീത പരിപാടിയിലാണ്. ലതാജിക്ക് പ്രിയപ്പെട്ട റസിക് ബൽമാ എന്ന ഗാനം എന്നെക്കൊണ്ട് പാടിപ്പിക്കണമെന്ന് ലതാജി നിർദേശിച്ചതായി സംഘാടകർ അറിയിച്ചു. ആ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. അതും എനിക്ക് വലിയ ബഹുമതിയായിരുന്നു. ലതാജി ഗായകർക്കായി ഒരുക്കിയ ക്യുബിക്കിളിൽ വരുന്നതായി അറിഞ്ഞു. വെള്ളസാരിയുടുത്ത് പുതച്ച് രണ്ടുവശവും മുടി പിന്നിക്കെട്ടിയ അതിമനോഹര രൂപം നടന്നുവരുന്നു. അടുത്തുപോയി സ്വയം പരിചയപ്പെടുത്തി ഒപ്പം നിന്ന് ഫോട്ടോ എടുത്തെങ്കിലും ആ ചിത്രം കിട്ടിയില്ല.
ലതാജിയുടെ 80-ാം പിറന്നാളിന് ഞാൻ നൈറ്റിംഗേൾ എന്ന ആൽബം പാടി. ഒരു കത്തും വച്ച് ഭർത്താവ് അത് ലതാജിക്ക് അയച്ചുകൊടുത്തു. ലതാജി വിളിച്ചു. സുഖമില്ലാത്തതുകൊണ്ടാണ് കത്തെഴുതാത്തതെന്നും പാട്ടുകൾ ഇഷ്ടമായെന്നും പറഞ്ഞ് നന്ദി അറിയിച്ചു. അവിശ്വസനീയമായ അവസ്ഥയിലായിരുന്നു ഞാൻ. ഇങ്ങോട്ട് വിളിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത് സാക്ഷാൽ ലതാജിയാണ്.
മകളുടെ മരണശേഷം ഞാൻ പുറത്തൊന്നും പോകാതെയിരിക്കുന്ന വേളയിലാണ് ഹൈദരാബാദിൽ നിന്ന് വിളിച്ച് ലതാജിയുടെ പേരിലുള്ള അവാർഡ് എനിക്കാണെന്നും സ്വീകരിക്കാൻ എത്തണമെന്നും പറഞ്ഞത്. മകളുടെ വിയോഗം പറഞ്ഞ് ചടങ്ങിൽ നിന്ന് ഒഴിഞ്ഞു. അന്ന് രാത്രി ലാൻഡ് ഫോണിലേക്ക് ലതാജിയുടെ കോൾ വന്നു. താങ്ങാൻ പറ്റാത്ത കാര്യമാണെങ്കിലും വിഷമിച്ചിരിക്കകയല്ല വേണ്ടതെന്നും വീണ്ടും പാടണമെന്നും പറഞ്ഞു. പുരസ്കാരത്തിന് വരുന്നുണ്ടെന്നും കാണണമെന്നും പറഞ്ഞു. തുടർന്നാണ് ചടങ്ങിന് പോയത്. പക്ഷേ ലതാജിക്ക് വരാൻ കഴിഞ്ഞില്ല. അന്നാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്.
ലതാജി ശരീരം കൊണ്ട് നമുക്കൊപ്പം ഉണ്ടാകില്ലെങ്കിലും സംഗീതം ഉള്ളിടത്തോളം കാലം ലതാജിയുടെ പാട്ടുകൾ ഉണ്ടാകും. ഓരോ പാട്ടുകാർക്കും അതിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്.
ചിത്ര സ്റ്റേജിൽ പാടിയ
ലതാജിയുടെ ചില പാട്ടുകൾ
# സത്യം ശിവം സുന്ദരം
# രാം തേരി ഗംഗാ മേരി ഹോഗയി
# രെഹ്നാ ബീത്തി ജായേ
# നാ ജിയാ ലാഗേന
# ലഗ് ജാ ഗലേ
# ആപ്കി നസ്‌രോം
# ആജാരേ പർദേശീ