
₹ 'പിരിവിൽ' നട്ടം തിരിഞ്ഞ് ഭൂഉടമകൾ
തിരുവനന്തപുരം: സ്ഥലവില കുറച്ച് കാണിച്ച് രജിസ്ട്രേഷൻ നടത്തിയെന്ന് കാണിച്ച് അഴിമതിക്ക് കളമൊരുക്കുന്ന അണ്ടർവാല്യുവേഷൻ നടപടികളുമായി അധികൃതർ. സംസ്ഥാനത്തൊട്ടാകെ ഇതിന്റെ പേരിൽ നോട്ടീസ് കിട്ടിയ ലക്ഷക്കണക്കിന് ഭൂഉടമകളാണ് 'പിരിവിൽ' നട്ടം തിരിയുന്നത്. 2010ൽ നിശ്ചയിച്ച ഭൂമിയുടെ ന്യായവിലയും അതിനുശേഷം 200 ശതമാനം വർദ്ധനയും ഉൾപ്പെടുത്തി വില നിശ്ചയിച്ച് ആധാരം ചെയ്തവർക്കാണ് ജില്ലാ രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത്.
സ്ഥലവില കുറച്ച് രജിസ്റ്റർ ചെയ്തതായുള്ള സബ് രജിസ്ട്രാർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പണം അടയ്ക്കാൻ നോട്ടീസെത്തുന്നത്. തുക കൂടുതലാണെന്ന് പരാതിപ്പെടുന്നവർക്ക് കുറഞ്ഞ തുകയിൽ 'സെറ്റിൽ' ചെയ്യാനുള്ള സംവിധാനം അഴിമതിക്ക് കുട പിടിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. കേസിന് പോകാൻ ഭയക്കുന്ന സാധാരണക്കാർ പറയുന്ന പണമടച്ച് പൊല്ലാപ്പ് ഒഴിവാക്കും.
രജിസ്ട്രാർമാർക്ക്
അധികാരമില്ല
ന്യായവില ശരിയല്ലെങ്കിൽ രജിസ്ട്രേഷൻ നിഷേധിച്ച് ശരിയായ ന്യായവിലയിന്മേൽ മുദ്രപ്പത്രം ഹാജരാക്കാൻ നിർദ്ദേശിക്കുകയല്ലാതെ ഭൂമി വില നിശ്ചയിക്കാൻ രജിസ്ട്രേഷൻ അധികാരികൾക്ക് നിയമപരമായി അവകാശമില്ല. ന്യായവിലയുടെ അതോറിട്ടി ആർ.ഡി.ഒമാരാണ്. ഇത് രജിസ്ട്രേഷൻ വകുപ്പിന്റെ ന്യായവില സൈറ്റിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ന്യായവില നിശ്ചയിക്കുന്നതിലെ അപാകതകൾ അഴിമതിക്ക് കളമാെരുക്കുന്നു. റവന്യുമന്ത്രി ഇടപെടണം
-ആനയറ ആർ.കെ. ജയൻ
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ പ്രസിഡന്റ്
2019ൽ വാങ്ങിയ ഭൂമിക്ക് അണ്ടർവാല്യുവേഷന്റെ പേരിൽ 43,610 രൂപയാണ് ഒടുക്കിയത്. വസ്തു ഇൗടായി നൽകി ലോണെടുക്കാൻ പോയപ്പോഴാണ് കാര്യം അറിഞ്ഞത്. രജിസ്ട്രാർ ഓഫീസിൽ നിന്ന് ഒരു നോട്ടീസ് പോലും വന്നിട്ടില്ല.
- സനൽകുമാർ, ഭൂഉടമ
ഇക്കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം വിശദമായി മറുപടി നൽകാം.
-ഇൻപശേഖർ
രജിസ്ട്രേഷൻ ഐ.ജി