മെഡിക്കൽ കോളേജ്,​ സ്റ്റാച്യു,​ തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപം എന്നിവിടങ്ങളിൽ

തിരുവനന്തപുരം: വാഹനപെരുപ്പവും ഗതാഗത തടസവുമുണ്ടാകുന്ന നഗരത്തിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള ആലോചനയിൽ നഗരസഭ. മെഡിക്കൽ കോളേജ്,​ സ്റ്റാച്യു,​ തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമ്മിനലിന് സമീപം എന്നിവിടങ്ങളിലാണ് പുതിയ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ നഗരസഭ പദ്ധതിയിടുന്നത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളായതിനാലാണ് ഇവിടെ ബ്രിഡ്ജ് നിർമ്മിക്കാൻ നിർദ്ദേശിക്കുന്നത്.

സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ആലോചന. ആധുനിക രീതിയിലുള്ള ബ്രിഡ്ജ് നിർമ്മിക്കണമെന്ന നിബന്ധനയാണ് നഗരസഭ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലെ ചർച്ചയിലാണ് സാധാരണ രീതിയിലുള്ളതിന് പകരം ആധുനിക രീതി വേണമെന്ന നിർദ്ദേശമുയർന്നത്.

സാധാരണ രീതിയിലുള്ള ഫുട് ഓവർ ബ്രിഡ്ജിനോട് ആളുകൾ വിമുഖത കാണിക്കുന്നുവെന്നാണ് അഭിപ്രായം. ലിഫ്ടുൾപ്പെടെയുള്ള സജ്ജീകരണങ്ങളോടു കൂടിയ സംവിധാനങ്ങളുണ്ടെങ്കിൽ എല്ലാവരും ഉപയോഗിക്കുമെന്നും നിർദ്ദേശമുയർന്നു. നിലവിൽ നഗര പരിധിയിൽ ആക്കുളം, പട്ടം സെന്റ് മേരീസ് സ്കൂളിന് മുന്നിൽ, കോട്ടൻഹിൽ സ്കൂളിന് മുന്നിൽ എന്നിവിടങ്ങളിലാണ് ഫുട് ഓവർ ബ്രിഡ്ജുള്ളത്. എന്നാൽ ഇത് അധികം ജനങ്ങളും ഉപയോഗിക്കുന്നില്ലെന്നതാണ് കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏജൻസികളിലോ വ്യക്തികളിലോ നിന്ന് നഗരസഭ താല്പര്യപത്രവും ക്ഷണിക്കും.

പദ്ധതി രീതി

ലിഫ്ട് നിർബന്ധം

ഫുട് ഓവർ ബ്രിഡ്ജ് പൂർണമായും ഏറ്റെടുക്കുന്ന കരാറുകാരനോ കമ്പനിക്കോ ആയിരിക്കും നടത്തിപ്പ് സംബന്ധിച്ച പൂർണ ഉത്തരവാദിത്വം.

നഗരസഭ മേൽനോട്ടം മാത്രമായിരിക്കും

ഫുട് ഓവർ ബ്രിഡ്ജിന് ആവശ്യമായ എൻ.ഒ.സി കരാറെടുക്കുന്നവർ വാങ്ങണം

ഇവർ നഗരസഭയ്ക്ക് തുക നൽകേണ്ടതില്ല.പരസ്യ വരുമാനത്തിൽ നിന്ന് ഇവർക്ക് ലാഭം കണ്ടെത്താം.

വാഹന ഗതാഗതം കൂടുതലുള്ളതും ബ്രിഡ്ജിന്റെ ആവശ്യകതയുള്ളതുമായ സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിൽ മാറ്റം വരുത്താൻ വേണ്ടി ചർച്ചകൾ നടത്തും

പദ്ധതിയുടെ കരട് തയ്യാറാക്കി സ്റ്രാൻഡിംഗ് കമ്മിറ്റി ചർച്ച, കൗൺസിൽ ചർച്ച എന്നിവയ്ക്ക് ശേഷം അനുമതി.

കിഴക്കേകോട്ട ഫുട് ഓവർ ബ്രിഡ്ജ് മാർച്ചിൽ തുറക്കും

കാൽനട യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരമാകുംവിധം സജ്ജമാക്കുന്ന കിഴക്കേകോട്ട ഫുട് ഓവർബ്രിഡ്ജ് മാ‌ർച്ചിൽ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഇലക്ട്രിക്, ചിത്രപ്പണി, ലിഫ്ടിന്റെ ജോലികൾ എന്നിവയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലുതും ലിഫ്ടുമുള്ള ആദ്യത്തെ ഓവർബ്രിഡ്ജും ഇതായിരിക്കും. 15 പേർക്ക് വീതം കയറാവുന്ന രണ്ട് ലിഫ്ടുകളാണ് പാലത്തിൽ സജ്ജീകരിക്കുന്നത്. സി.സി ടിവി കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. കാമറാ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്കായിരിക്കും പോകുക. ശീതീകരിച്ച പൊലീസ് എയ്ഡ് പോസ്റ്റും ടൂറിസം ഇൻഫർമേഷൻ സെന്ററും ഇവിടെയുണ്ടാകും. 450 സ്‌ക്വയർ ഫീറ്റിന്റെ കൂറ്റൻ എൽ.ഇ.‌‌ഡി വാളും ഇവിടെ സജ്ജീകരിക്കും. ഇതുവഴി സർക്കാർ അറിയിപ്പും പരസ്യങ്ങളും പൊതുജനങ്ങൾക്ക് കാണാം.ഇത് കൂടാതെ അനന്തപുരി സ്ക്വയറും സജ്ജീകരിക്കും. ആക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് നിർമാണച്ചുമതല.