
ലതാമങ്കേഷ്കർ ദക്ഷിണേന്ത്യയിൽ ആദ്യമായി പാടിയത് എനിക്കു വേണ്ടിയാണെന്നുള്ളത് എന്നും എനിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ചിത്രം ഇറങ്ങിയ സമയത്തു തന്നെ അത് വലിയ ചർച്ചാ വിഷയമായിരുന്നു. അന്ന് നെല്ലിന്റെ സംഗീത സംവിധായകൻ സലിൽദാ (സലിൽ ചൗധരി) എന്നോട് പറഞ്ഞിരുന്നു ഭാരതിയ്ക്കായി പാട്ടു പാടുന്നത് ലതാ മങ്കേഷ്കറാണെന്ന്. സെറ്റിൽ എല്ലാവരും ആ പാട്ടിനെക്കുറിച്ച് പറഞ്ഞിരുന്നു. ഷൂട്ടിംഗ് വേളയിൽ പലതവണ ആ പാട്ട് ആസ്വദിച്ചു. നെല്ലിയാമ്പതിയിലെ ഉൾക്കാട്ടിനകത്തായിരുന്നു പാട്ടിന്റെ ചിത്രീകരണം. കദളി.. ചെങ്കദളി പൂ വേണോ.. എന്ന ഗാനം വർഷം ഇത്ര കഴിഞ്ഞിട്ടും തലമുറ പലതും മാറി വന്നിട്ടും ഇന്നും ഹിറ്റ് ലിസ്റ്റിൽ നിൽക്കുന്നത് ആ മാസ്മരിക ശബ്ദം കൊണ്ടുതന്നെയാണ്.
ലതാജി ആകെ പാടിയ മലയാള ഗാനം കൂടിയാണത്. ലതാജിയെന്ന വലിയ മലയ്ക്കു മുന്നിൽ ഞാനെത്രയോ ചെറിയ ആളാണ്. ഞങ്ങൾ ഒരിക്കലും പരസ്പരം കണ്ടിട്ടേയില്ല. എനിക്കത് വളരെ സങ്കടമുള്ള കാര്യമാണ്. സംഗീതത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അവരുടേത്. ലതാ മങ്കേഷ്‌കറുടെ പാട്ടുകേൾക്കാത്ത ഒരു ദിവസം പോലും ആരുടെയും ജീവിതത്തിലുണ്ടാകില്ല.ആരും ഒരിക്കലും അവരെ മറക്കുകയുമില്ല. ലതാജി മാത്രമല്ല അവരുടെ അനുജത്തി ആശാ ഭോസ്‌ലേയും സുജാത എന്ന ചിത്രത്തിൽ എനിക്കു വേണ്ടി പാടിയിരുന്നു.