
തിരുവനന്തപുരം: പുരാവസ്‌തു വകുപ്പിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ധനവകുപ്പിനോട് 10 കോടി രൂപ ആവശ്യപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന ബഡ്‌ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ ബാലഗോപാലുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് മന്ത്രിയുടെ ആവശ്യം. തിരുവനന്തപുരം കോട്ടയ്‌ക്കകത്തെ ആസ്ഥാന മന്ദിരത്തിൽ സൗകര്യങ്ങളില്ലെന്നും ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം പണിയണമെന്നുമാണ് ആവശ്യം. നിർദ്ദേശം പരിഗണിക്കാമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
കന്യാകുമാരി - കൊല്ലം ബോട്ട് സർവീസ് പദ്ധതിക്ക് പണം അനുവദിക്കണമെന്നും തുറമുഖ വകുപ്പ് ആവശ്യപ്പെട്ടു. ഏഴ് മണിക്കൂർ കൊണ്ട് 160 കിലോമീറ്റർ യാത്ര ചെയ്യാവുന്ന ടൂറിസം പദ്ധതിയെപ്പറ്റി ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളകൗമുദിയായിരുന്നു. കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് സർവീസിന്റെ തിരുവനന്തപുരത്തെ ബോർഡിംഗ് പോയിന്റ് കോവളവും വർക്കലയുമായിരിക്കും. ജലപാത വികസനത്തിന് എത്ര കോടി മുടക്കിയാലും അതിന്റെ പതിന്മടങ്ങ് കുറച്ചു വർഷങ്ങൾ കൊണ്ട് തിരിച്ചുപിടിക്കാനാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റ് സ്ഥാപിക്കണം, ബേപ്പൂർ തുറമുഖത്ത് അഡീഷണൽ ബെർത്ത് അനുവദിക്കണം, അഴീക്കലിൽ തുറമുഖ വികസനത്തിന് 3000 കോടി അനുവദിക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. സംസ്ഥാനത്തെ എല്ലാ മ്യൂസിയങ്ങളേയും ബന്ധിപ്പിച്ച് മൊബൈൽ ആപ്പ് തുടങ്ങാനും ടൂറിസം പ്രോത്സാഹിപ്പിക്കാനുമുളള പദ്ധതിയും അഹമ്മദ് ദേവർകോവിൽ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.