
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിലെ മരങ്ങാട്ടുകോണം കുളം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഒരിക്കലും വറ്റാത്ത ഈ കുളം ഇപ്പോൾ കാടുപിടിച്ച് കൈവരികൾ തകർന്ന് മലിനമായി കിടക്കുകയാണ്.
മുട്ടപ്പലം - കുറക്കട റോഡരികിൽ മരങ്ങാട്ടുകോണം ദേവീ ക്ഷേത്ര പറമ്പിനോട് ചേർന്നാണ് മരങ്ങാട്ടുകോണം കുളം സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡിലെ കരിങ്കൽ ഭിത്തി പൂർണമായി തകർന്നതിനാൽ വാഹന, കാൽനട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയാണ്. രാത്രിയും പകലും ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നുണ്ട്.
ഏതാണ്ട് മുപ്പത് വർഷം മുൻപ് ഇരുപ്പുവും ഇടവിളയും കൃഷിചെയ്തിരുന്ന പാടശേഖരങ്ങളായിരുന്നു മരങ്ങാട്ടുകോണം, മുട്ടപ്പലം, തെക്കേകോണം എന്നിവ. മരങ്ങാട്ടുകോണം കുളത്തിലെ ജലമാണ് ജലസേചനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ കൃഷി നഷ്ടമായതോടെ കർഷകർ നെൽകൃഷിയിൽ നിന്ന് പിന്മാറി. തുടർന്ന് നിരവധി വർഷങ്ങൾ ഈ പാടശേഖരങ്ങൾ തരിശായി കിടന്നു. പിന്നീട് കർഷകർ വാഴകൃഷിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ നിരവധി വർഷങ്ങളായി ഇവിടെ വാഴ, മരിച്ചീനി, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. വാഴകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മരങ്ങാട്ടുകോണം വാഴകർഷകസമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ ജലസേചന സൗകര്യത്തിന്റെ കുറവ് കൃഷി പ്രതിസന്ധിയിലാക്കുന്നതായി കർഷകർ പറഞ്ഞു.
അതിന് പരിഹാരം കാണുന്നതിന് വേണ്ടി മരങ്ങാട്ടുകോണം കുളം പുതുക്കിപ്പണിത് ജലസേചന സൗകര്യം ഒരുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇതിനായി അഴൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും മുൻകൈയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കുളം നവീകരിച്ചാൽ - 20 ഹെക്ടറിലേറെയുള്ള ഏലായിലെ കൃഷിക്ക് ജലസേചന സൗകര്യമൊരുക്കാം. ഒരിക്കലും വറ്റാത്ത നീരുറവയാണ് മരങ്ങാട്ടുകോണം കുളത്തിൽ. എന്നാൽ ഇന്ന് കുളം മലിനമായി അരികുകൾ തകർന്നു നശിക്കുകയാണ്. കുളം ശുചിയാക്കി വിസ്തൃതി കൂട്ടി, കരിങ്കൽ ഭിത്തി കെട്ടി വൃത്തിയാക്കി റോഡിനടിയിലൂടെ പൈപ്പ് സ്ഥാപിച്ച് വെള്ളം ഏലായിൽ എത്തിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. റോഡിലെ അപകടം ഒഴിവാക്കുന്ന തരത്തിലായിരിക്കണം പുനർ നിർമ്മിക്കേണ്ടത്.