
`ഭാരതത്തിന്റെ വാനമ്പാടിയെന്ന' വിശേഷണത്തിന് ഒരാൾ മാത്രമേ അർഹമായിട്ടുള്ളു. ലതാമങ്കേഷ്‌കർ. അവർക്ക് മുമ്പും പിമ്പും അനേകം ഗായകർ ആലാപനത്തിന്റെ മാറ്റുരച്ചെങ്കിലും ആ മഹാഗായികയ്ക്ക് തുല്യം അവർ മാത്രം. നീണ്ട എട്ട് പതിറ്റാണ്ടുകാലമാണ് അവർ പിന്നണി ഗാനരംഗത്ത് തന്റെ അനുഗൃഹീത സ്വരമാധുരികൊണ്ട് നിറഞ്ഞുനിന്നത്. നമ്മുടെ രാജ്യത്തെ സകല ബഹുമതികളും നേടിയ, ഗാനാലാപനത്തിന്റെ അവസാന വാക്കെന്ന് നിസ്സംശയം പറയാവുന്ന ഒരേയൊരു വ്യക്തിത്വം. ആ അതുല്യ പ്രതിഭയ്ക്ക് മുന്നിൽ കാലംപോലും തലതിരിച്ച് നിന്നുപോയിട്ടുണ്ട്.
സംഗീതഞ്ജനും മറാത്തി-കൊങ്കിണി നാടക കലാകാരനുമായിരുന്നു പണ്ഡിറ്റ് ദിനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും സീമന്തപുത്രിയായി 1929 സെപ്തംബർ 25ന് ഇൻഡോറിലായിരുന്നു ജനനം. തങ്ങളുടെ കന്നി മകൾക്ക് മാതാപിതാക്കൾ ഹേമ എന്ന പേരിട്ടു. എന്നാൽ ദീനനാഥിന്റെ `ഭാവ്ബന്ധൻ' എന്ന നാടകത്തിലെ നായികയുടെ പേരായ ലതിക എന്നതുമായി ബന്ധപ്പെടുത്തി മകളുടെ പേര് ലത എന്നാക്കുകയായിരുന്നു ആ അച്ഛൻ ചെയ്തത്. അവിടം കൊണ്ടും അവസാനിച്ചില്ല. ദിനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി ലതാമങ്കേഷ്‌കർ എന്ന മുഴുവൻ പേരാക്കുകയായിരുന്നു.
പിതാവിൽ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങൾ പലതും പഠിച്ചത്. അഞ്ചുവയസ്സായപ്പോൾ മുതൽ അച്ഛന്റെ സംഗീത നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതയ്ക്ക് പതിമ്മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അതോടെ കുടുംബ പോറ്റുക എന്ന ബാദ്ധ്യത ലതയുടെ ചുമലിലായി. ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയായിരുന്നു അതിന് അവർ കണ്ട പോംവഴി. എങ്കിലും ക്രമേണ അഭിനയം ഉപേക്ഷിച്ച് സംഗീതത്തിലൂടെ ലത വളരുകയായിരുന്നു.
1942-ൽ `കിടിഹസാൻ' എന്ന മറാത്തിചിത്രത്തിൽ `നച്ച യാ ഗാഥേ ഖേലു ..." എന്ന ഗാനമാണ് ലത ആദ്യമായി ആലപിച്ചത്. ദൗർഭാഗ്യമെന്നുപറയട്ടെ, സിനിമ പുറത്തിറങ്ങിയപ്പോൾ അതിൽ ഇൗ ഗാനമില്ലായിരുന്നു. എന്നാൽ അതേവർഷം തന്നെ `പാഹിലി മംഗള ഗോർ' എന്ന മറാത്തിചിത്രത്തിൽ അഭിനയിക്കുകയും `നടായി ചൈത്രാചി നവാലായി` എന്ന ഗാനം ആലപിക്കുകയും ചെയ്തു. 1943-ൽ വന്ന `ഗജാബാഹു' എന്ന ചിത്രത്തിലെ ``'മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ ഇ' എന്നതാണ് ലത പാടിയ ആദ്യത്തെ ഹിന്ദി ചലച്ചിത്രഗാനം. 1948-ൽ ഷാഹീദ് എന്ന ചിത്രത്തിനുവേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്നു പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയയ്ക്കുകയുണ്ടായിഎന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം കാണും. എന്നാൽ ഭാഗ്യം ലതയെ തുണച്ചു. 1948 ൽ തന്നെ ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്മീറി സംവിധാനം ചെയ്ത മജ്ബൂർ എന്ന ചിത്രത്തിലെ ``കൽ മേരാ തോഡാ, മുജേ കഹിം കാനാ ഛോഡാ'' എന്ന ഗാനം (സംഗീതം: ഗുലാം ഹൈദർ) ലതാമങ്കേഷ്‌കറെ ഗായിക എന്ന നിലയിൽ ശ്രദ്ധേയയാക്കി .
നൂർജഹാനും ഷംഷാദ് ബീഗവും സുരയ്യയും ഗീതാദത്തുമെല്ലാം നിറഞ്ഞുനിന്ന ആലാപന രംഗത്തേക്കാണ് ലതാ മങ്കേഷ്‌കർ കടന്നുവന്നത്. പക്ഷേ വളരെവേഗം എല്ലാവരെയും പിന്നിലാക്കി ഒന്നാംസ്ഥാനക്കാരിയായി.വരികളുടെ അർത്ഥം മനസിലാക്കി പാടാനുള്ള കഴിവും ഉച്ചാരണ ശുദ്ധിയും അവരെ വേറിട്ട ഗായികയാക്കി.
തുടക്കകാലത്ത് അവഗണനയുടെയും തിരസ്കാരത്തിന്റെയും തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് . `മഹൽ' എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അതിലെ ഗാനരചയിതാവായ നഖ്ഷാബ് ജാർച്ചവിയുടെ പ്രേമചാപല്യങ്ങളിൽ നിന്ന് അവർക്ക് രക്ഷപ്പെടേണ്ടതായി വന്നു. എന്നാൽ അദ്ദേഹത്തിന്റെ രചനയിൽ പിറന്നതും ഖോചന്ദ് പ്രകാശ് ചിട്ടപ്പെടുത്തിയതുമായ ``ആയേഗാ ആനേവാലാ'' എന്ന ഗാനമാണ് ലതാമങ്കേഷ്‌കർ യുഗത്തിന് തുടക്കം കുറിച്ചത്.
`അന്ദാസ്' എന്ന ചിത്രത്തോടെയാണ് സംഗീത സംവിധാനം രംഗത്തെ മുടിചൂടാമന്നനായ നൗഷാദ് ലതയുടെ ശബ്ദം സ്വന്തം ഗാനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തുടങ്ങിയത്. അതിലെ ``ഉഠായേ ജാ ഉൻകേ സിതം'' എന്ന ഗാനം സംഗീതസംവിധായകന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക് എത്തിക്കാൻ ലതയ്ക്ക് കഴിഞ്ഞു. അത് പിന്നീട് മഹാഭാഗ്യത്തിലേക്ക് അവരെ നയിച്ചു. തന്റെ അടുത്ത ചിത്രമായ ദുലാരിയിലെ ഒമ്പത് പാട്ടുകളാണ് (യുഗ്‌മഗാനങ്ങളടക്കം ) ഇൗ ഗായികയ്ക്കായി അദ്ദേഹം നീക്കിവച്ചത്. എല്ലാ പാട്ടുകളും പെട്ടെന്നുതന്നെ ജനങ്ങളുടെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു. `ബർസാത്' ആയിരുന്നു ലതയുടെ അടുത്ത ചിത്രം. ശങ്കർ -ജയ്‌കിഷൻ ജോടി ചിട്ടപ്പെടുത്തിയ ``ബിഛ്ഡേ ഹുവേ പർദേസി'', ``ഹവാ മേ ഉസ്താ ജായേ'', ``ഛോഡ് ഗയേ ബാലം'' (മുകേഷിനൊപ്പം) എന്നീ ഗാനങ്ങൾ ഇൗ ചിത്രത്തിനെന്നപോലെ ലതയ്ക്കും പേരുണ്ടാക്കിക്കൊടുത്തു.
ഹിന്ദി ചലച്ചിത്രമേഖലയിൽ ആദ്യകാലത്ത് നിലനിന്ന പ്രവണതയ്ക്കു വിരാമം കുറിച്ച ചിത്രം കൂടിയാണ് ബർസാത് . അതായത്, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരായിരുന്നു പാട്ടുപാടുന്നതായി കൊടുത്തിരുന്നത്. അതിന് മാറ്റം വരുകയും `ബർസാതി'ലൂടെ ആദ്യമായി യഥാർത്ഥ ഗായികയുടെ പേര് ഗ്രാമഫോൺ റെക്കോർഡിലും വെള്ളിത്തിരയിലും മറ്റും ഉപയോഗിക്കാൻ തുടങ്ങി. അത് ലതയ്ക്ക് അനുഗ്രഹമായി. അക്കാലത്തെ പ്രമുഖരായ പല നടീനടന്മാരും തങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ പാട്ടുകൾ ലതയെക്കൊണ്ട് പാടിക്കാൻ സംവിധായകരോടും സംഗീത സംവിധായകരോടും മറ്റും സ്വാധീനം ചെലുത്തുമായിരുന്നു.
സംഗീതസംവിധായകർ ഒരുക്കുന്ന ഇൗണങ്ങൾ എത്ര ദുർഗ്രഹമാണെങ്കിലും മധുരം കിനിയുന്ന ആലാപനശൈലിയോടെ അവതരിപ്പിക്കാൻ അനന്യസാധാരണമായ പാടവം ലത പ്രകടിപ്പിച്ചത് അവരെ കൂടുതൽ ഉയരങ്ങളിലെത്താൻ സഹായിച്ചു. ഒന്നും തന്റെ കഴിവല്ലെന്ന് വിശ്വസിക്കുകയും കൂടക്കൂടെ അത് തുറന്നുപറയുകയും ചെയ്ത ലത സ്വന്തം വളർച്ചയിൽ ഗുരുക്കന്മാരായി കാണുന്ന ചിലരുണ്ട്. ആലാപനത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്ത ഉസ്താദ് ഗുലാം ഹൈദറും പ്രേംചന്ദ് പ്രകാശുമാണ് അവരിൽ ഒന്നാം സ്ഥാനക്കാർ. ശ്വാസനിയന്ത്രണത്തിന്റെ തത്വം ഗായികയ്ക്ക് സ്വായത്തമാക്കിക്കൊടുത്തത് അനിൽ ബിശ്വാസാണ്. വരികളുടെ സാഹിത്യഭംഗി ആസ്വദിച്ചും അന്തസത്ത ഗ്രഹിച്ചും പാടാൻ പരിശീലിപ്പിച്ചത് സാക്ഷാൽ നൗഷാദാണെന്ന കാര്യം അവർ എടുത്തു പറയുന്നു.