latha

ലതാജിയെ നേരിൽ കാണാനും അനുഗ്രഹം തേടാനും ഞാൻ ഒരുപാട് തവണ മുംബയിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. പലരും അമ്മയെ കാണിക്കാം അനുഗ്രഹം വാങ്ങാം എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും നടന്നില്ല. ആ വലിയ വിഷമം എന്നും എന്റെ ഉള്ളിൽ ഉണ്ടാകും. മനസിൽ ഒരു വിങ്ങലായി എന്നും നിൽക്കും. നമ്മൾ ഏറ്റവും ഉറ്റുനോക്കുന്ന ഏറ്റവും ആദരിക്കുന്ന വളരെ കുറച്ച് ആളുകളല്ലേ ഉണ്ടാകൂ. അങ്ങനെ ഒരാളാണ് എനിക്ക് ലതാജി.

മദൻമോഹൻജിയെയും ബാലമുരളി സാറിനെയും ലതാജിയെയും നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിൽ ബാലമുരളി സാറിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. മുംബയിലെ അമ്മയുടെ പ്രഭുകുഞ്ച് എന്ന വീടിനു മുന്നിൽ പലപ്പോഴും കാരണമൊന്നുമില്ലാതെ പോയി നിന്നിട്ടുണ്ട്. അമ്മ ഉള്ളിൽ ഉണ്ടല്ലോ, എനിക്ക് വെളിയിലെങ്കിലും നിൽക്കാനുള്ള ഭാഗ്യം ലഭിച്ചല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. സ്വരരാഗ ഗംഗ തന്നെയാണ് അമ്മ. എത്രയോ തലമുറകളെയാണ് അമ്മ തന്റെ ശബ്ദത്തിലൂടെ സംഗീതത്തിന്റെ സ്നേഹത്തിലും സമാധാനത്തിലും ലയിപ്പിച്ചിട്ടുള്ളത്. അമ്മയെപ്പോലെ അമ്മ മാത്രമേയുള്ളൂ. ഇതിനു മുൻപും ശേഷവും ഇതുപോലൊരാൾ ഉണ്ടാവുകയില്ല.

മദൻമോഹൻ- ലതാജി കോമ്പിനേഷനിലെ ഗാനങ്ങൾ കേട്ടാണ് ഞാൻ ഉറങ്ങാറ്. ലതാജി എത്രയോ വർഷമായി എനിക്ക് താരാട്ട് പാടുകയാണ്. ലതാജി കുറേ വർഷമായി പബ്ളിക് ലൈഫിൽ നിന്ന് പിന്മാറി നിൽക്കുകയായിരുന്നു. എന്നിട്ടും ആ ശബ്ദം നമുക്കു ചുറ്റുമുണ്ടായിരുന്നു. ലതാജിയുടെ പാട്ടുകൾ കടലുപോലെയാണ്. അതിൽ നിന്ന് ഒരു തുള്ളി എടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്.