prof-gelishahid

വർക്കല: വർക്കലയിലെ പൊതുവേദികളിൽ പാട്ടുകാരിയായി നിറഞ്ഞുനിന്ന ഗേളിടീച്ചർ ഓർമ്മയായി. ഗായിക എന്നതിന് പുറമെ നല്ലൊരു നർത്തകിയുമായിരുന്നു. സംഗീതം അവർക്ക് ലഹരിയായിരുന്നു. ഏത് പൊതുവേദിയിലും കയറിച്ചെന്ന് പാടാൻ ഒരവസരം ചോദിക്കുമായിരുന്നു അവർ. ആരും അവരെ ഒഴിവാക്കാറുമില്ല. പഴയകാല ഗാനങ്ങൾ സ്വരമാധുരിയോടെ ശ്രുതിശുദ്ധമായി ആലപിച്ച് അവർ സദസിന്റെ പ്രശംസ പിടിച്ചുവാങ്ങും. ശാസ്ത്രീയ സംഗീതവും ഭരതനാട്യവുമെല്ലാം അഭ്യസിച്ചിരുന്ന ടീച്ചർ കാര്യവട്ടം ഗവൺമെന്റ് കോളേജിൽ നിന്ന് കണക്ക് വിഭാഗം പ്രൊഫസറായാണ് റിട്ടയർ ചെയ്തത്.

ചങ്ങനാശ്ശേരിയിൽ പാറയിൽ പള്ളിയിൽ പരേതരായ ഡോ. വി. വൈ. വോയ്സിന്റെയും മാതാവ് ഉപഹാര അമ്മയുടെയും മകളായ ഗേളി ടീച്ചർ സിംഗപ്പൂരിലാണ് ജനിച്ചത്. ചങ്ങനാശ്ശേരിയിൽ പഠനം പൂർത്തിയാക്കിയ ഗേളി ടീച്ചർ കേരളത്തിലെ വിവിധ കോളേജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.1882ൽ ഗവ. പാലക്കാട് വിക്ടോറിയ കോളേജിൽ മാത്‌സ് വിഭാഗം അദ്ധ്യാപികയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് തിരുവനന്തപുരം വിമൻസ് കോളേജ്, ശ്രീകാര്യം എൻജിനിയറിംഗ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി, ആറ്റിങ്ങൽ - വട്ടിയൂർക്കാവ്, പോളിടെക്നിക്ക് എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരവധി കോളേജുകളിൽ അനുഷ്ഠിച്ചിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ നിന്ന് റിട്ടേർഡ് ചെയ്തിട്ട് 15 വർഷത്തോളമായി. റിട്ടയർമെന്റിന് ശേഷം ടീച്ചർ വർക്കലയിലെ ഒട്ടുമിക്ക കലാ സാംസ്കാരിക സംഘടനകളിലും സജീവമായി പ്രവർത്തിച്ചിരുന്നു.

കല്ലുമാലയും വളയും കമ്മലുമൊക്കെ അണിഞ്ഞ് നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് നഗരപ്രാന്തങ്ങളിലൂടെ നടന്നു നീങ്ങുന്ന അവരെ ഏതാൾക്കൂട്ടത്തിനിടയിലും വർക്കലക്കാർ തിരിച്ചറിയും. അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളുടെ രക്ഷക കൂടിയായിരുന്നു ഗേളിടീച്ചർ. തെരുവിൽ നിന്ന് ഒക്കത്തെടുത്തു കൊണ്ടുവന്ന് വളർത്തിയ ഇരുപതോളം തെരുവ് നായ്ക്കളെ അവർ വീട്ടിൽ സംരക്ഷിക്കുന്നുണ്ട്. ടീച്ചറുടെ കൈയിൽ എപ്പോഴും ഒരു സഞ്ചി ഉണ്ടാകും. അതിൽ നിറയെ ബിസ്കറ്രായിരിക്കും. റോഡിൽ അലഞ്ഞുതിരിയുന്ന നായ്കൂട്ടങ്ങളെ കണ്ടാൽ സഞ്ചിയിലെ ബിസ്കറ്റ് കവർ പൊട്ടിച്ച് അവയ്ക്ക് നൽകും. ലോക്ക് ഡൗൺ കാലത്ത് തെരുവ് നായ്ക്കൾക്ക് ആശ്രയമായിരുന്നു ഗേളിടീച്ചർ. വീട്ടിൽ പട്ടികളെ അടച്ചിട്ടല്ല വളർത്തുന്നത്. അവിടെ അവർ സ്വതന്ത്റരാണ്. റോഡ് വക്കിൽ മഴ നനഞ്ഞ് തണുത്ത് വിറച്ച് കിടന്ന ഒരു പട്ടിക്കുട്ടിയെ വാരിയെടുത്ത് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചതാണ് തുടക്കം.

അലിഗഡ് സർവകലാശാലയിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുമ്പോഴാണ് സഹപാഠിയായ വർക്കല സ്വദേശി ഷാഹിദിന്റെ ജീവിതപങ്കാളിയായത്. ചങ്ങനാശ്ശേരി സ്വദേശിയായ അവർ പിന്നീട് അക്ഷരാർത്ഥത്തിൽ വർക്കലക്കാരിയാവുകയായിരുന്നു. പ്രൊഫ.ഗേളിഷാഹിദിന്റെ അകാലവിയോഗം വർക്കലയുടെ സാംസ്കാരിക രംഗത്തിന് വലിയൊരു നഷ്ടമാണ്.