ആര്യനാട്: വേനൽ കടുത്തതോടെ ആര്യനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമവും രൂക്ഷമായി. പഞ്ചായത്തിലെ ചേരപ്പള്ളി, വലിയമല, വലിയകളം, തട്ടാൻ വിളാകം, പറണ്ടോട്, മുള്ളൻകല്ല്,
പൊട്ടൻചിറ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. വേനലിൽ പല നീരുറവളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ പ്രദേശങ്ങളിലെ കിണറുകളിലേയും ജലസ്ത്രോതസുകളിലേയും ജലനിരപ്പ് ക്രമാതീതമായ തോതിൽ താഴ്ന്നിട്ടുണ്ട്. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന വലിയമലയിൽ വേനൽ ശക്തമായതോടെ കിണറുകളിൽ ജലം താഴ്ന്ന് തുടങ്ങി. ജനങ്ങൾ വെള്ളമുള്ള കിണറുകളെ ആശ്രയിച്ചതോടെ അതിലേയും ജലംനിരപ്പ് കുറഞ്ഞുതുടങ്ങി.
ഇപ്പോൾ പ്രദേശവാസികൾ പബ്ലിക്ക് ടാപ്പിൽ നിന്നാണ് വെള്ളമെടുക്കുന്നത്. ഈ ടാപ്പിലും എല്ലാ ദിവസവും വെള്ളം കിട്ടാറില്ല. വീടുകളിൽ പൈപ്പ്‌ലൈനും എത്തിയിട്ടില്ല. പൈപ്പ് കണക്ഷന് അപേക്ഷനൽകി മാസങ്ങളായി കാത്തിരിക്കുകയാണ്. അതിനാൽ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പൈപ്പ് കണക്ഷൻ പോലുമില്ല
ചേരപ്പള്ളി നിർമിതി കോളനിയിൽ 10 വീടുകളാണുള്ളത്. ഇതിൽ ആൾതാമസം ഉള്ള 9 വീടുകളിൽ പോലും ഇതുവരെ പൈപ്പ് കണക്ഷൻ ലഭിച്ചിട്ടില്ല. പഞ്ചായത്തിലെ ഏഴു വാർഡുകൾക്ക് പ്രയോജനം ലഭിക്കുന്ന തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ ജോലികൾ പുരോഗമിക്കുകയാണ്. വേനൽ ഇനിയും ശക്തി പ്രാപിച്ചാൽ വരുംദിവസങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകും. പിന്നെ ശുദ്ധജലത്തിനായി പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അലയേണ്ടിവരും.
തേവിയാരുകുന്ന് കുടിവെള്ള പദ്ധതിക്ക് കാലതാമസം
ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ ജോലികൾ പാതി വഴിയിൽ നിലച്ചതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. കേന്ദ്ര പദ്ധതിയായ ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൺ മിഷൻ ഫണ്ട് മൂന്നര കോടി രൂപയാണ് പദ്ധതിയ്ക്ക് അനുവദിച്ചത്. ചെയ്ത ജോലികൾക്ക് യഥാസമയം ബില്ലുകൾ മാറാത്തതിനെ തുടർന്നും ജോലികൾ ആരംഭിച്ചിട്ടും വാട്ടർ ടാങ്കിന്റെ അംഗീകരിച്ച പ്ലാൻ ലഭിക്കാത്തതിനെ തുടർന്നും ജോലികൾ നിലച്ചതെന്നാണ് അന്ന് കരാറുകാരൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ വീണ്ടും പണികൾ ആരംഭിച്ചു. തേവിയാരുകുന്ന് ധർമ ശാസ്താ ക്ഷേത്രത്തിന്റെ മുകൾ ഭാഗത്ത് വാട്ടർ ടാങ്കിന്റെ നിർമാണം നടന്നു. കൂടാതെ വീടുകളിൽ കണക്ഷൻ നൽകുന്നതിന് പഞ്ചായത്ത് റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. പമ്പ്ഹൗസിന്റെ നിർമാണവും പൂർത്തിയായിവരുന്നു. വാപ്കോസ് എന്ന കമ്പനിക്കാണ് പഞ്ചായത്ത് കരാർ നൽകിയത്.