aadarikkunnu

വക്കം: പായൽ മൂടിയ വക്കം വെളിവിളാകം ക്ഷേത്രക്കുളം വൃത്തിയാക്കിയ വിദ്യാർത്ഥികളെ ആറ്റിങ്ങൽ ബാലസംഘം അനുമോദിച്ചു. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ വിദ്യാർത്ഥികളായ പ്രഭാത്, തുഷാർ, വിഷ്ണു, വിശാഖ്, സിദ്ധാർത്ഥ് എന്നിവരാണ് അനുമോദനത്തിന് അർഹരായത്.

ആറ്റിങ്ങൽ ബാലസംഘം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം വിദ്യാർത്ഥികളെ അനുമോദിച്ചു. ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളിലും ആരുടെയും പ്രേരണയില്ലാതെ സ്വമേധയാ സഹായിക്കുന്നതിൽ ഈ കുട്ടികൾ മുൻ നിരയിലാണെന്ന് നാട്ടുകാർ പറഞ്ഞു.

കുളത്തിലേക്കുള്ള കൽപടവ് കെട്ടുന്ന കാര്യം വിദ്യാർത്ഥികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തി. ആറ്റിങ്ങൽ ബാലസംഘം ഏരിയാ പ്രസിഡന്റ് അനഘ, ഏരിയാ ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളി, ബാലസംഘം ഏരിയാ കൺവീനർ വിഷ്ണു, ഇന്ദ്രജിത്ത്, ശ്രീലക്ഷ്മി, വെളിവിളാകം ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും വക്കം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജു തുടങ്ങിയവർ പങ്കെടുത്തു.