
കല്ലറ: പാങ്ങോട് മൈലമൂട് വനത്തിൽ മൂന്ന് മാസം പഴക്കംചെന്ന പുരുഷന്റെ അസ്ഥിക്കൂടം കണ്ടെത്തി. മൈലമൂട് സുമതിയെ കൊന്ന വളവിനുസമീപം ഭരതന്നൂർ സെക്‌ഷനിലെ വനമേഖലയിൽ പാലമരത്തിൽ തൂങ്ങിയ നിലയിലാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.
50 വയസുള്ള പുരുഷന്റെ അസ്ഥിക്കൂടമാണിതെന്ന് പൊലീസ് വ്യക്തമാക്കി. വനമേഖലയായതും പ്രദേശത്തേക്ക് ആരും പോകാറില്ലാത്തതും കാരണമാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വനത്തിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസത്തിലേറെ പഴക്കമുള്ളതിനാൽ മൃതദേഹത്തിൽ അസ്ഥികളും തലയോട്ടിയും മാത്രമേ അവശേഷിക്കുന്നുള്ളൂ. സമീപപ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണന്ന് പൊലീസ് അറിയിച്ചു.