
തിരുവനന്തപുരം: അമ്പലമുക്കിലെ ചെടി വില്പനശാലയിൽ ജീവനക്കാരിയായ വിനിതമോൾ കൊല്ലപ്പെട്ട വാർത്ത കേട്ട് പകച്ച് നഗരവും നെടുമങ്ങാട് വാണ്ട ഗ്രാമവും. നഗരത്തിലെ പ്രമുഖ ചെടി വില്പനശാലയാണ് കൊലപാതകം നടന്ന ടാബ്‌സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക്. വി.ഐ.പികളടക്കം ചെടികൾ വാങ്ങുന്ന പ്രമുഖ വില്പനശാലയിലാണ് മരണം നടന്നത്. അവധി ദിനമായിട്ടും ചെടികൾക്ക് വെള്ളമൊഴിക്കാനാണ് വിനിത ഇന്നലെ അമ്പലമുക്കിലെത്തിയത്. നഗരത്തിലെ പ്രമുഖ സ്വർണവില്പനശാലയിലെ സെക്യൂരിറ്റിയായ പിതാവ് വിജയനൊപ്പമാണ് സാധാരണ വിനിത തന്റെ ടൂവീലറിൽ നഗരത്തിൽ വരുന്നത്. ഇന്നലെ പിതാവിന് നൈറ്റ് ഡ്യൂട്ടിയായതിനാൽ ഒറ്റയ്‌ക്കായിരുന്നു വിനിത വീട്ടിൽ നിന്നിറങ്ങിയത്.
ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് ചെടിവില്പനശാലയിലെ ജീവനക്കാരിയും പരിസരവാസിയുമായ സുനിതയുടെ ഫോൺകാൾ വിജയന്റെ ഫോണിലേക്കെത്തിയത്. സുനിത രക്തം വാർന്നൊലിച്ച് കിടക്കുകയാണെന്ന് അറിയിച്ചായിരുന്നു ഫോൺകാൾ. തൊട്ടുപിന്നാലെ വിജയൻ ഭാര്യ രാഗിണിക്കും വിനിതയുടെ മക്കളായ അക്ഷയ്‌കുമാറിനും അനന്യകുമാറിനുമൊപ്പം ഓട്ടോയിൽ അമ്പലമുക്കിലേക്ക് തിരിച്ചു.
വിനിതയുടെ മൃതദേഹം കണ്ട ശേഷം നിലവിളിച്ച് പൊട്ടിക്കരഞ്ഞാണ് നാലുപേരും പുറത്തേക്കിറങ്ങിയത്. മക്കളുടെ ഭാവിയെ കരുതിയാണ് വിനിത ജോലിക്ക് പോയിരുന്നതെന്നും കഴുത്തിൽ നാലര പവന്റെ മാല ഉണ്ടായിരുന്നതായും അമ്മ രാഗിണി പറഞ്ഞു. രണ്ട് വർഷം മുൻപാണ് വിനിതയുടെ ഭർത്താവ് സെന്തിൽകുമാർ ഹൃദ്രോഗരോഗത്തെ തുടർന്ന് മരിച്ചത്. അതിന് ശേഷം പിതാവ് വിജയനൊപ്പമായിരുന്നു വിനിതയുടെയും മക്കളുടെയും താമസം. എട്ടാം ക്ലാസിലാണ് മകൻ അക്ഷയ് പഠിക്കുന്നത്. ആറാം ക്ലാസിലാണ് മകൾ അനന്യ. ഞായർ നിയന്ത്രണങ്ങൾക്കിടെ ജോലിക്ക് പോകേണ്ടെന്ന് അമ്മ വിനിതയോട് പറഞ്ഞിരുന്നു. എന്നാൽ ചെടികൾക്ക് വെള്ളമൊഴിക്കാൻ ആരുമില്ലെന്ന് പറഞ്ഞാണ് രാവിലെ എട്ടരയോടെ വിനിത വീട്ടിൽ നിന്നിറങ്ങിയത്.
വിനിതയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ചെടിവില്പനശാലയ്‌ക്ക് മുന്നിൽ വലിയ ആൾക്കൂട്ടമാണ് രൂപപ്പെട്ടത്. വിനിതയുടെ അടുത്ത ബന്ധുക്കളെല്ലാം സംഭവസ്ഥലത്തെത്തി. മാദ്ധ്യമപ്പട തമ്പടിച്ചതിന് ശേഷമാണ് അയൽവാസികളടക്കം മരണവിവരം അറിയുന്നത്. വഴിയാത്രക്കാരെല്ലാം വണ്ടി നിറുത്തി കാര്യമന്വേഷിച്ചു. സാമ്പത്തികഭദ്രത ഒട്ടുമില്ലാത്ത ചുറ്റുപാടിൽ നിന്നാണ് വിനിത വരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സഹോദരങ്ങൾ: വിനോദ്, വിജിമോൾ.
കൊലപാതകി ആര്?
നഗര മദ്ധ്യത്തിൽ ആസൂത്രിതമായി നടന്ന കൊലപാതകത്തിന് പിന്നിൽ വിനിതമോളെ അടുത്തറിയാവുന്ന വ്യക്തി തന്നെയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിനിത മാത്രമാണ് ചെടിവില്പനശാലയിൽ ഉള്ളതെന്ന് അറിയാവുന്ന ആരോ ആണ് കൊലയ്‌ക്ക് പിന്നാലെന്നാണ് കരുതുന്നത്. അന്വേഷണം ഊർജിതപ്പെടുത്തി പ്രതിയെ എത്രയും വേഗം പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്.