1

വിഴിഞ്ഞം: തീരദേശത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നു കൂടുന്നു. ഒപ്പം പകർച്ചവ്യാധി ഭീക്ഷണിയും. നഗരസഭയുടെ തീരദേശത്തും സമീപ പഞ്ചായത്തുകളിലുമാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് മാലിന്യം പെരുകുന്നത്. നഗരസഭയുടെ പ്ലാസ്റ്റിക് നിരോധനം തീരദേശത്ത് പാളി. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോട്ടപ്പുറം, കരിമ്പള്ളിക്കര ഭാഗങ്ങളിൽ കടൽത്തീരത്തോട് ചേർന്ന ഭാഗത്ത് പ്ലാസ്റ്റിക് കുന്നുകൂടി മല രൂപപ്പെട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകൾക്കൊപ്പം ഭക്ഷണാവശിഷ്ടങ്ങളും വീടുകളിലെ ജൈവമാലിന്യവും കെട്ടി ഉപേക്ഷിക്കുന്നതിനാൽ ഇവ മണ്ണിനോട് ചേരാതെ അഴുകി ഈച്ചയും കൊതുകും പെരുകുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. മഴക്കാലമായാൽ ഇവ അഴുകി റോഡിലേക്ക് ഒലിച്ചിറങ്ങും. ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളതിനാൽ തെരുവ് നായ്ക്കളും പെരുകുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രദേശത്ത് ഹരിതകർമ്മസേന ഉണ്ടെങ്കിലും വീടുകളിൽ നിന്ന് കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ മാത്രമേ ശേഖരിക്കുന്നുള്ളൂ. എന്നാൽ ചെറിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ളവ പലരും റോഡിനു വശത്ത് വലിച്ചെറിയുകയാണ്.

തീരദേശത്ത് മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം ഇല്ല

വിഴിഞ്ഞത്ത് പല സ്ഥലങ്ങളിലും സ്ഥാപിച്ച തുമ്പൂർമൂഴി മാലിന്യ ശേഖരണ കേന്ദ്രത്തിൽ ജൈവ വസ്തുക്കൾ മാത്രമേ ശേഖരിക്കുന്നുള്ളൂ

പഞ്ചായത്തു പ്രദേശത്ത് ക്ലീനിംഗ് ജീവനക്കാർ ഇല്ല. ഉപേക്ഷിക്കെപ്പെട്ട റോഡിനിരുവശത്തുള്ള മാലിന്യങ്ങൾ പെരുകുന്നു

ഗ്രാമപ്രദേശത്ത് നഗരസഭയിലേത് പോലെ ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്നാണാവശ്യം.

പ്ലാസ്റ്റിക് ഏറ്റെടുക്കാൻ ഹരിതകർമ സേന

വീടുകളിലെ പ്ലാസ്റ്റിക്കുകൾ മാത്രമേ ഹരിതകർമ്മ സേ ശേഖരിക്കുകയുള്ളൂ. ഒരു വീട്ടിൽ നിന്ന് 50 രൂപയും കടകളിൽ നിന്ന് 100 രൂപയുമാണ് പ്ലാസ്റ്റിക് ശേഖരണത്തിനായി സേന ഈടാക്കുന്നത്. പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനമെങ്കിലും പഞ്ചായത്തിന് വരുമാനമൊന്നുമില്ല. പ്ലാസ്റ്റിക് ഏറ്റെടുക്കാൻ ഹരിതകർമസേന തയാറാണെങ്കിലും ജനങ്ങൾ പലരും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക്കുകൾ കഴുകി വൃത്തിയാക്കണമെന്നതിനാലും 50 രൂപ നൽകണമെന്നതിനാലും ഹരിത കർമ സേനയ്ക്ക് നൽകാൻ മടിക്കുകയാണ്.


ഉൾക്കടലിലും പ്ലാസ്റ്റിക് മാലിന്യം

ഉൾക്കടലിലും പ്ലാസ്റ്റിക് മാലിന്യം കൂടുന്നു. മുൻ കാലങ്ങളിൽ മത്സ്യത്തൊഴിലാളികൾ കുടിവെള്ളം കൊണ്ടുപോകുന്നത് കന്നാസുകളിലായിരുന്നു. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ കെയ്സ് കുപ്പി വെളളവുമായാണ് കടലിൽ പോകുന്നത്. ഒപ്പം കടലിലേക്ക് നിക്ഷേപിക്കുന്ന മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.