kk

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കി പട്ടാപ്പകൽ പേരൂർക്കട അമ്പലംമുക്കിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. അമ്പലനഗറിൽ ടാബ്‌സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ്മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്.

പത്ത് മാസം മുമ്പാണ് വിനിത ജോലിക്ക് ചേർന്നത്. ഇന്നലെ അവധി ആയിരുന്നെങ്കിലും ചെടികൾ നനയ്‌ക്കാൻ എത്തണമെന്ന് സ്ഥാപന ഉടമ തോമസ് മാമ്മൻ പറഞ്ഞതനുസരിച്ചാണ് എത്തിയത്. ഉച്ചയ്‌ക്ക് രണ്ട് പേർ ചെടി വാങ്ങാനെത്തിയപ്പോൾ ആരെയും കാണാത്തതിനാൽ ഉടമയെ വിളിച്ചു. ഉടമ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ പരിസരവാസിയായ മറ്റൊരു ജീവനക്കാരിയായ സുനിതയെ പറഞ്ഞയച്ചു. സുനിതയാണ് ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ മൃതദേഹം. കൃഷി വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ഡയറക്‌ടറായി വിരമിച്ചയാളാണ് സ്ഥാപന ഉടമ നാലാഞ്ചിറ സ്വദേശി തോമസ് മാമ്മൻ.

അച്ഛൻ വിജയനും അമ്മ രാഗിണിയും വിനിതയുടെ മക്കളായ അക്ഷയ്‌ കുമാറിനും അനന്യകുമാരിക്കുമൊപ്പം എത്തി. മകൾക്ക് നാലര പവന്റെ മാലയുണ്ടായിരുന്നതായി അമ്മ പറഞ്ഞു. മൃതദേഹത്തിൽ ഈ മാല ഉണ്ടായിരുന്നില്ല. വില്പനശാലയിലെ കളക്ഷൻ തുക 25,000 രൂപ ഹാൻഡ് ബാഗിൽ ഉണ്ടായിരുന്നു. കളക്ഷൻ പണവുമായി വീട്ടിലേയ്‌ക്ക് പോകുന്ന വിനിത രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. ഭർത്താവ് സെന്തിൽ കുമാർ രണ്ടു വർഷം മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നെടുമങ്ങാട് ശാന്തിതീരത്ത് സംസ്‌കരിക്കും.