
കല്ലമ്പലം : ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്രപുരസ്കാര പ്രഖ്യാപനത്തിൽ മികച്ച ബാലനടനുള്ള പുരസ്കാരം നേടിയ നാവായിക്കുളം വെട്ടിയറ സ്വദേശി നിരഞ്ജന്റെ മനസിലെ വലിയൊരു സ്വപ്നം സഫലമാകുന്നു. സ്വന്തമായി ഒരു വീട് എന്ന നിരഞ്ജന്റെയും കുടുംബത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന് ആദ്യപടിയായി ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിലിന്റെ മകളുടെ വിവാഹ വേദിയിൽ വച്ച് നവദമ്പതിമാരായ ആർച്ച,വിവേക് എന്നിവർ ചേർന്ന് ജയദേവൻ മാസ്റ്റർ സൊസൈറ്റി നിർമ്മിച്ച് നൽകുന്ന വീടിനായി ഒരുലക്ഷം രൂപ കൈമാറി.തുക സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏറ്റുവാങ്ങി. നിരഞ്ജന് സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതറിഞ്ഞ് സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിലിന്റെ നേതൃത്വത്തിൽ അനുമോദിക്കാനായി നിരഞ്ജന്റെ വീട്ടിലെത്തിയപ്പോഴാണ് കുടുംബം ഷീറ്റ് കെട്ടിമേഞ്ഞ ഒറ്റമുറി ഷെഡിലാണ് താമസിക്കുന്നതെന്ന വിവരം അറിയുന്നത്.അനുമോദനം ഏറ്റുവാങ്ങുന്നതിനിടെ നിരഞ്ജൻ തന്റെ മനസിലുള്ള വീട് എന്ന സ്വപ്നം സൊസൈറ്റി ഭാരവാഹികളോട് പറഞ്ഞു.തുടർന്ന് അവിടെവച്ച് തന്നെ നിരഞ്ജനും കുടുംബത്തിനും എല്ലാസൗകര്യങ്ങളോടും കൂടിയ അടച്ചുറപ്പുള്ള വീട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിരഞ്ജന് നിർമ്മിച്ച് നൽകുമെന്ന് പ്രസിഡന്റ് മടവൂർ അനിൽ വാക്ക് നൽകിയിരുന്നു.തുടർന്നാണ് മകളുടെ വിവാഹ വേദിയിൽ വച്ച് നിരഞ്ജന് വീടൊരുക്കാനുള്ള സഹായധനം സൊസൈറ്റിക്കായി കൈമാറാൻ തീരുമാനിച്ചത്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറിയ തുക സൊസൈറ്റിക്കായി സെക്രട്ടറി എം.ഷാജഹാൻ ഏറ്റുവാങ്ങി.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു,ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ,മടവൂർ അനിൽ, ചാന്ദ്നി അനിൽ നവദമ്പതിമാരായ വിവേക് ആർച്ച എന്നിവർ പങ്കെടുത്തു.