
ബാലരാമപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കുട്ടികൾ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറിയപ്പോൾ അക്കാഡമിക് ശാക്തീകരണത്തിന് സ്വയം തയ്യാറാവുകയാണ് അദ്ധ്യാപകർ. നേമം ഗവ.യു.പി.എസിലെ അദ്ധ്യാപകരാണ് ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സമയം കണ്ടെത്തി സ്വയം ശാക്തീകരിച്ച് അക്കാഡമിക് മികവ് നേടുന്നത്. കൊവിഡിനെ തുടർന്ന് സ്കൂൾ താത്കാലികമായി അടച്ചെങ്കിലും എല്ലാ ദിവസവും സ്കൂളിലെത്തുന്ന അദ്ധ്യാപകരാണ് ഓൺലൈൻ ക്ലാസ് സമയത്തിന് ശേഷം വിവിധ സെഷനുകളിൽ പരിശീലനം നേടുന്നത്. ഡിജിറ്റൽ പോർട്ട് ഫോളിയോ തയാറാക്കൽ, വിലയിരുത്തൽ, വിവിധ വിഷയങ്ങളിൽ പവർ പോയിന്റുകൾ തയാറാക്കൽ തുടങ്ങി ഐ.ടി അധിഷ്ഠിത മേഖലകളിലാണ് ഒന്നാം ഘട്ട ശാക്തീകരണം. ഇതിനായി കൈറ്റ് വിതരണം ചെയ്ത ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ മീറ്റിലൂടെ രണ്ട് വിദ്യാഭ്യാസ വെബിനാറും സംഘടിപ്പിച്ചു. അതിജീവന കാലത്തെ അക്കാഡമികാസൂത്രണം എന്ന വിഷയത്തിൽ ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവ് എം. മഹേഷ് കുമാറും സ്കൂൾ ഒരു സാമൂഹിക ഇടം എന്ന വിഷയത്തിൽ രാജേഷ് വള്ളിക്കോടും അദ്ധ്യാപകരോട് സംവദിച്ചു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ആഫീസർ എ.കെ. സുരേഷ് കുമാർ, ബി.പി.ഒ എസ്.ജി. അനീഷ്, കെ. ജോൺ, ആർ.എസ്. ബൈജുകുമാർ, കെ. ബിന്ദു പോൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും ബി. സ്മിത നന്ദിയും പറഞ്ഞു.
.