
മുരുക്കുംപുഴ: സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ വസ്തു ഉടമകൾ അറിയാതെ വസ്തുവിൽ കല്ലുകൾ ഇടാൻ ധൃതികാട്ടുന്ന സർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുരുക്കുംപുഴ കെ റെയിൽ വിരുദ്ധജനകീയ സമിതി പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ആലാംകോഡ് ഇസ്ലാംമുക്കിൽ സമരസമിതി പ്രവർത്തകർക്ക് നേരെ ബാലപ്രയോഗം നടത്തി അറസ്റ്റു ചെയ്യുകയും കല്ലുകൾ ഇടുകയും ചെയ്ത കെ റെയിൽ ഉദ്യോഗസ്ഥരുടെ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മുരുക്കുംപുഴയിൽ നടന്ന യോഗം കെ റെയിൽ വിരുദ്ധജനകീയ സമരസമിതി പ്രസിഡന്റ് ഏ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കോ -ഓർഡിനേറ്റർ കെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. വെയ്ലൂർ ജുമാഅത്ത് സെക്രട്ടറി കെ.എസ്.എ. റഷീദ്, ഷാജിഖാൻ എം.എ, തോപ്പുമുക്ക് നസീർ, എസ്. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.