
ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ മീമ്പാട്ട് ഏലായ്ക്കു സമീപത്തെ ആക്രിക്കടയുടെ ഗോഡൗണിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ തീ പിടിക്കാതിരിക്കാൻ ദൂരേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.
ദിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ വൃദ്ധ സദനത്തിന് മുന്നിലുണ്ടായിരുന്ന ആക്രിക്കടയുടെ ഗോഡൗണാണ് കത്തിയത്. വൃദ്ധ സദനത്തിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തത്തിന് ആറ്റിങ്ങൽ സാക്ഷിയാകേണ്ടി വരുമായിരുന്നു. ഒരു മണിക്കൂറിലധികം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, കൗൺസിലർമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. താല്ക്കാലിക ഷെഡിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. 50,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്.