bahuleyan

നെയ്യാറ്റിൻകര: ഗുണ്ടാ ആക്രമണങ്ങൾക്കും ലഹരി വിപണത്തിനുമെതിരെ ദീപശിഖയുമായി ബാഹുലയന്റെ ഒറ്റയാൾ പോരാട്ടം. നെയ്യാറ്റിൻകരയിലും ധനുവച്ചപുരത്തും തുടർച്ചയായി നടന്ന് വരുന്ന വീട് കയറി ആക്രമണം ഉൾപ്പെടെയുള്ള ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ നെയ്യാറ്റിൻകര മുതൽ ധനുവച്ചപുരം വരെ ദീപശിഖയുമായി ഓടി. നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിനു മുന്നിൽ നിന്നും ആരംഭിച്ച ബോധവത്കരണ ഓട്ടം ഗാന്ധിയൻ പത്മശ്രീ ഗോപിനാഥൻ നായർ ബാഹുലേയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കൂട്ടപ്പന മഹേഷ് ഫ്ലാഗ് ഒഫ് ചെയ്തു. ധനുവച്ചപുരത്ത് മാത്രം തുടർച്ചയായി മൂന്ന് അക്രമങ്ങളാണ് നടന്നത്. പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു. പ്രതികൾ എല്ലാപേരും തന്നെ ലഹരിക്ക് അടിമപ്പെട്ടവരാണെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ പ്രദേശത്ത് ഇതുവരെയും സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുവാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ദേശീയ കായിക താരവും ദീർഘർ ദൂര ഓട്ടക്കാരനുമായ ബാഹുലയൻ പറയുന്നു. ഇത്തരത്തിൽ അക്രമ പരമ്പരകൾ തുടരുന്നതുകൊണ്ട് തന്നെ പ്രദേശത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ലഹരി വില്പന നടത്തുന്നവർക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും ശക്തമായി നടപടി സ്വീകരിക്കുണമെന്ന ആവശ്യവുമായിട്ടാണ് ലിംഗ ബുക്ക് ഒഫ് റെക്കോർഡ് ജേതാവ് കൂടിയായ ബാഹുലയൻ ദീപശിഖയുമായി ഓടിയത്.