
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ, സർവകലാശാലാ നിയമന വിവാദത്തിൽ തുടങ്ങി ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വരെ നീണ്ട ഗവർണർ - സർക്കാർ പോര് അവസാനിക്കുന്നു.
ഒന്നേകാൽ മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പൂർണമായും മഞ്ഞുരുകിയതോടെ ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ അനുകൂല തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നത് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. യു.എ.ഇയിൽ നിന്ന് പുലർച്ചെ എത്തിയ മുഖ്യമന്ത്രി രാവിലെ കണ്ണൂരിലേക്ക് പോയി വൈകിട്ട് മൂന്നരയോടെ തിരിച്ചെത്തി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആറ് മണിക്ക് അദ്ദേഹം രാജ്ഭവനിൽ എത്തുകയായിരുന്നു. ഏഴേ കാലിനാണ് മടങ്ങിയത്. സംതൃപ്തമായ ഭാവത്തോടെയാണ് ഇരുവരും പിരിഞ്ഞത്.
കൂടിക്കാഴ്ചയിൽ തന്റെ ചികിത്സാകാര്യങ്ങളും ആരോഗ്യസ്ഥിതിയും ലോകായുക്ത നിയമഭേദഗതിക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങളും ഓർഡിനൻസിൽ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലുള്ള സർക്കാർ നിലപാടും മുഖ്യമന്ത്രി വിശദീകരിച്ചു. കണ്ണൂർ സർവകലാശാല വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതുമായി ബന്ധപ്പെട്ട് ലോകായുക്ത മുമ്പാകെ സർക്കാർ നൽകിയ വിശദീകരണത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി ബോധിപ്പിച്ചു.
ലോകായുക്ത നിയമത്തിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥകളാണ് കേരളത്തിലുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗവർണർക്ക് ബോദ്ധ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൂടിയായതോടെ സംഘർഷം പൂർണമായും അയഞ്ഞു. ഓർഡിനൻസിൽ ഗവർണറുടെ അനുകൂലതീരുമാനം ഇന്നുണ്ടായാൽ ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂൾ തീരുമാനിക്കും.
മഞ്ഞുരുകൽ നേരത്തേ തുടങ്ങി
സർവകലാശാലാ നിയമന വിവാദങ്ങളിൽ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പുറപ്പെടും മുമ്പുതന്നെ ഏറെക്കുറെ മഞ്ഞുരുകിയിരുന്നു. മുഖ്യമന്ത്രി ഒന്നിലേറെ തവണ ഗവർണറുമായി ടെലഫോണിൽ കാര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. ചാൻസലർ പദവി ഒഴിയുമെന്ന തീരുമാനത്തിൽ നിന്ന് അന്നുതന്നെ ഗവർണർ പിന്മാറുകയും ചെയ്‌തിരുന്നു.
ഹരി എസ്. കർത്തായുടെ നിയമനം
ഗവർണറുടെ അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റ് ആയി ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ മുൻ പത്രാധിപർ ഹരി എസ്. കർത്തായെ നിയമിക്കാൻ നിർദ്ദേശിച്ചുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. അതിൽ അനുകൂല തീരുമാനം രാജ്ഭവനും പ്രതീക്ഷിക്കുന്നുണ്ട്.