srp

തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻപിള്ളയ്ക്ക് ഇന്ന് ശതാഭിഷേകം. ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് സമീപം മേത്തറ വീട്ടിൽ ശങ്കരപ്പിള്ളയുടെയും നാണിക്കുട്ടിപ്പിള്ളയുടെയും മകനായി 1938 ഫെബ്രുവരി ഏഴിനാണ് രാമചന്ദ്രൻ പിള്ളയുടെ ജനനം.

ആലപ്പുഴ എസ്.ഡി കോളേജിലും തിരുവനന്തപുരം, എറണാകുളം ലോ കോളേജുകളിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം 1956-ൽ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 1964-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് സി.പി.എമ്മിലെത്തി. 1968 മുതൽ 1974 വരെ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1974-ൽ കേരള കിസാൻ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.

1968-ൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേയ്ക്കും 1969-ൽ സംസ്ഥാന കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1982 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1982 ൽ അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985-ൽ കേന്ദ്രക്കമ്മിറ്റിയിലേയ്ക്കും 1989-ൽ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും എത്തി. 1992 മുതൽ പോളിറ്റ്ബ്യൂറോ അംഗമായി തുടർന്നു. 1999 മുതൽ 2001 വരെ രാജ്യസഭാംഗമായിരുന്നു. പരേതയായ രത്നമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.