
നെയ്യാറ്റിൻകര: കഴക്കൂട്ടം- കരോട് ദേശീയപാതയിൽ നെയ്യാറ്റിൻകര-പൂവാർ റോഡ് സന്ധിക്കുന്ന തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ജംഗ്ഷനിലെ ദേശീയപാത നിർമ്മാണത്തിൽ അപാകതയെന്ന് ആക്ഷേപം.സംഭവത്തിൽ പ്രതിഷേധ സമരത്തിനൊരുങ്ങി വിശ്വാസികളും ക്രിസ്തീയ സംഘടനകളും.ആയിരക്കണക്കിന് വിശ്വാസികൾ വന്നുപോകുന്ന സെന്റ് സേവ്യേഴ്സ് ദേവാലയത്തിന് വടക്ക് മണ്ണ് ഖനനം നടത്തി സർവീസ് റോഡും ഓടയും നിർമ്മിച്ച ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാത്തതിനാൽ പള്ളിക്ക് ബലക്ഷയവും വിള്ളലുകളും ഉണ്ടായതായാണ് പരാതി. പാലത്തിന്റെ നാലു ഭാഗത്തും സിഗ്നൽ സംവിധാനങ്ങളും ഹമ്പും സ്ഥാപിച്ച് അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും മാവിളക്കടവ് റോഡിൽ മേൽപ്പാലം നിർമ്മിച്ച് നിലവിലുള്ള ഗതാഗതം പുനസ്ഥാപിക്കാൻ ക്രമീകരണം ചെയ്യണമെന്നും സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് അൽമായ സംഘടനകളായ കെ.എൽ.സി.എ, കെ.സി.വൈ.എം, കെ.എൽ.സി.ഡബ്ല്യൂ.എ എന്നിവയുടെ സംയുക്ത യോഗം അധികൃതരോട് ആവശ്യപ്പെട്ടു.