vivadavela

കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സുനാമിക്കാലമായിരുന്നു 2020 ജൂലായ് മുതലിങ്ങോട്ടുള്ള ആറേഴ് മാസം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് ശ്രമം കസ്റ്റംസ് പിടികൂടിയതായിരുന്നു സുനാമിക്ക് ഹേതു. ആറേഴ് മാസം തകർത്തടിച്ച സുനാമി പിന്നീട് കുറേശ്ശെയായി അടങ്ങിയെന്നും തുടർചലനങ്ങൾ ഉണ്ടാക്കാൻ മാത്രം പോന്ന കാലാവസ്ഥാ വ്യതിയാനം അടുത്തൊന്നും സംഭവിക്കില്ലെന്നും പലരും കരുതിയിരുന്നു. അതിനിടയിൽ പ്രളയം വന്നു, പെട്ടിമുടിയിലും കൂട്ടിക്കലിലും ഉരുൾപൊട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. പിണറായി വിജയന് തുടർഭരണത്തിന് അവസരമുണ്ടായി. കോൺഗ്രസിലും ഉരുൾപൊട്ടി.

ആ സുനാമി വീണ്ടും വരുമെന്ന് സ്വപ്നത്തിൽ പോലും കോൺഗ്രസും പ്രതീക്ഷിച്ചതല്ല. പ്രകൃതിക്ഷോഭത്തിന്റെ കാര്യം അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത നേരത്തും കാലത്തും സ്ഥലത്തുമാണ് അത് സംഭവിക്കുക. കുട്ടിക്കലിൽ ഉരുൾപൊട്ടിയത് പോലെ. ഇവിടെ അതിന് നിമിത്തമായത് ഒരു പുസ്തകമാണ്. എഴുതിയത് മറ്റാരുമല്ല. സാക്ഷാൽ എം. ശിവശങ്കർ. തിരുവനന്തപുരം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ വഴിയൊരുക്കിയതിന് കാരണഭൂതനായ അതേ ശിവശങ്കർ തന്നെ. അദ്ദേഹം അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. വെറും പ്രിൻസിപ്പൽ സെക്രട്ടറി മാത്രമായിരുന്നില്ല. ആ സ്ഥാനത്തിന്റെ ബലത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ സർവപ്രതാപിയായി വാണ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഐ.ടി വകുപ്പിന്റെയും സെക്രട്ടറി. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് എന്ന, യു.എ.ഇ കോൺസൽ ജനറലിന്റെ മുൻ സെക്രട്ടറിയുടെ അടുപ്പക്കാരൻ എന്നതാണ് ശിവശങ്കറിന് വിനയായതെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങൾ വിളിച്ചുപറഞ്ഞു. അത് ഭരണയന്ത്രത്തെ കുലുക്കിക്കളഞ്ഞെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര മാനമുള്ള ക്രിമിനൽ കേസിലെ പ്രതികൾക്ക് വേണ്ടി ഒത്താശ ചെയ്തുകൊടുത്തുവെന്ന ആക്ഷേപമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ ഏതാനും മാസങ്ങളിൽ കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചത്.

അതങ്ങനെ ആളിക്കത്തി താനേ കെട്ടടങ്ങിയതിന് ഒരു കാരണം കൊവിഡ് മഹാമാരിയായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. ഉർവശീശാപം ഉപകാരമെന്ന മട്ടിൽ കൊവിഡിനെ അനുഗ്രഹമായി ഭരണപക്ഷം കണ്ടുവോ എന്നറിയില്ല. പ്രതിപക്ഷത്തിന് കൊവിഡ് സൃഷ്ടിച്ച ചതിയിൽ ഇച്ഛാഭംഗം നേരിട്ടത് സ്വാഭാവികം. കൊവിഡ് കാലത്ത് സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി. സ്വർണക്കടത്ത് കേസ് എങ്ങുമെത്തിയില്ല. പല ചോദ്യങ്ങളും ഉത്തരം കിട്ടാത്ത കടങ്കഥകൾ പോലെയായെന്ന് കേരളം വിലയിരുത്തി. ഭൂകമ്പമെന്ന് തോന്നിയ ശബ്ദങ്ങൾ പലതും ഓലപ്പടക്കം മാത്രമാണെന്ന ചിന്തയാണ് സമൂഹത്തിൽ പ്രബലമായതെന്ന് തോന്നുന്നു. കസ്റ്റംസും എൻ.ഐ.എയും രണ്ട് വഴിക്കായെന്ന വൈരുദ്ധ്യവും കേസിൽ സംഭവിച്ചു. അന്ന് മാദ്ധ്യമങ്ങൾ പറത്തിവിട്ട പല കഥകളും കഥകളായി അവശേഷിച്ചപ്പോഴാണ് 2021 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതും സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി തുടർഭരണം നേടുന്നതും.

അതങ്ങനെ കെട്ടടങ്ങി നിൽക്കുമ്പോഴാണ് ശിവശങ്കറിലൂടെ തന്നെ അതിന്റെ രണ്ടാം ഭാഗത്തിന് തിരശ്ശീല ഉയർന്നത്. അദ്ദേഹം ഈ കേസിൽ കുറേ വെള്ളം കുടിച്ചിട്ടുണ്ട്. കുടിപ്പിച്ചതാണെന്ന് പറയുന്നവരുണ്ട്. സ്വപ്ന സുരേഷുമായുണ്ടായ ബന്ധം സൃഷ്ടിച്ച പുകിലിൽ സസ്പെൻഷനിലായി. മതിയായ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മൂന്നരലക്ഷം രൂപ ശമ്പളത്തിൽ സ്പേസ് പാർക്ക് പ്രോജക്ടിൽ ജോലി തരപ്പെടുത്താൻ ശിവശങ്കർ ഇടപെട്ടെന്ന ആരോപണവും വലിയ വിവാദമായിരുന്നു. ഒന്നരവർഷത്തോളം സസ്പെൻഷനിൽ കഴിഞ്ഞ ശിവശങ്കർ ഇതേ സ്വർണക്കടത്ത് കേസിന്റെ അനുബന്ധമായ ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യലിനും അറസ്റ്റിനും ജയിൽവാസത്തിനും വിധേയനായി. മൂന്ന് മാസം ജയിലിൽ കിടന്നു.

സർവീസിൽ തിരിച്ചെത്തിയ അദ്ദേഹമിപ്പോൾ കായിക വകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അതിനിടയിലാണ് ആത്മകഥാ രചനയ്ക്ക് മുതിർന്നത്. അശ്വത്ഥമാവ് വെറുമൊരാന എന്ന പുസ്തകത്തിൽ തനിക്കെതിരായ കേസും ജയിലിലെ അനുഭവങ്ങളുമടക്കമാണ് അദ്ദേഹം വിവരിച്ചത്. മുഖ്യമന്ത്രിയെ കേസിൽ പെടുത്താനുള്ള സമ്മർദ്ദം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടായെന്ന് സമർത്ഥിക്കാനും അദ്ദേഹം മുതിരുന്നുണ്ട്. ഒപ്പം തന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാനും. പക്ഷേ ആന്റി ക്ലൈമാക്സായി മാറിയത് അദ്ദേഹത്തെ ഈ കേസിലേക്കെത്തിച്ച, അദ്ദേഹത്തിന്റെ വിശ്വസ്തയായിരുന്ന സ്വപ്ന സുരേഷ്, തൊട്ടുപിന്നാലെ നടത്തിയ ചില തുറന്നുപറച്ചിലുകളാണ്. അത് നയതന്ത്ര സ്വർണ്ണക്കടത്തിനെ കേരള രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വീണ്ടും തിരിച്ചെത്തിച്ചിരിക്കുന്നു.

അശ്വത്ഥാമാവ്

ആനയോ

കുഴിയാനയോ

മൂന്ന് വർഷത്തോളം തന്റെ അടുത്ത സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നത് അപ്രതീക്ഷിത വിവരമായിരുന്നെന്നും കൈക്കൂലിയായി കിട്ടിയ ഐ ഫോൺ തന്ന് സ്വപ്ന തന്നെ ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പുസ്തകത്തിൽ ശിവശങ്കർ വിവരിക്കുന്നു. സ്വർണക്കടത്ത് കേസിൽ തനിക്ക് നേരെ നടന്ന മാദ്ധ്യമ വേട്ടയാടലുകളെപ്പറ്റിയാണ് പുസ്തകത്തിൽ അദ്ദേഹം കൂടുതലും വിവരിക്കുന്നത്. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരദ്ധ്യായത്തിൽ കുറച്ചുഭാഗത്ത് മാത്രമാണ് അദ്ദേഹം പറയുന്നത്. വ്യക്തിപരമായ പലതും പറയാനാവില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

പക്ഷേ, ശിവശങ്കർ പറഞ്ഞതിനെയെല്ലാം സ്വപ്ന മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ ഖണ്ഡിച്ചു. 2020 ജൂൺ 30ന് സ്വപ്ന വിളിച്ച് ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്നും ആരാഞ്ഞെന്നാണ് ശിവശങ്കർ പുസ്തകത്തിൽ വിശദീകരിക്കുന്നത്.

"കസ്റ്റംസിന് അവരുടേതായ നടപടിക്രമമമുണ്ടെന്നും അതിൽ ഇടപെടുന്നത് ശരിയല്ലെന്നും താൻ മറുപടി നൽകി. ജൂലായ് നാലിന് താൻ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ സ്വപ്നയും ഭർത്താവും ബാഗേജ് വിട്ടുകിട്ടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് വീണ്ടും അഭ്യർത്ഥിച്ചു. അതിലൊന്നും ഇടപെടാനാകില്ലെന്ന് മറുപടി നൽകി. ബാഗിൽ സ്വർണമാണെന്ന് കണ്ടെത്തിയതോടെ സ്വപ്നയും കുടുംബവും നാടുവിട്ടു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ബാഗ് വിട്ടുകൊടുക്കാൻ വിളിച്ചെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രചാരണമുണ്ടായി. തന്നെ കുറ്റവാളിയാക്കി ശ്രദ്ധ തിരിച്ചുവിടേണ്ട ആവശ്യം ആരുടെതായിരുന്നു? ആരൊക്കെയാണ് ഗൂഢാലോചന നടത്തിയത്? സ്വപ്നയെ നിയമിച്ചത് തെറ്റായിപ്പോയെന്ന് എന്നെ സ്നേഹിച്ച പലരും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. സ്വപ്ന സ്പേസ് പാർക്കിൽ നിയമിക്കപ്പെട്ട സർക്കാർ ജീവനക്കാരിയായിരുന്നില്ല. സ്പേസ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ചുമതല നൽകിയ കൺസൾട്ടൻസി ഏജൻസി കരാറെടുത്ത ജീവനക്കാരി മാത്രമായിരുന്നു. സ്വപ്നയുടെ ബയോഡാറ്റയിലെ റഫറൻസ് പേരുകളിലൊന്ന് എന്റേതായിരുന്നു എന്നതല്ലാതെ അവരെ ജോലിക്കെടുക്കണമെന്ന് എവിടെയും നിർദ്ദേശിച്ചിട്ടില്ല.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി യുണിടാക്കെന്ന കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പന്റെ കൈയിൽ നിന്ന് വാങ്ങിയ അഞ്ച് ഫോണുകളിലൊന്നാണ് എനിക്ക് തന്നതെന്ന് പിന്നീട് പുറത്തുവന്നു. എനിക്ക് ജന്മദിന സമ്മാനമായാണ് സ്വപ്ന ഫോൺ നൽകിയത്. കൈക്കൂലിയായി ലഭിച്ച ഫോൺ സമ്മാനമായി തരിക! ഇങ്ങനെയൊരു ചതി സ്വപ്ന എന്നോട് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. വഴിയേപോയ തേങ്ങയെടുത്ത് ഗണപതിക്കുടച്ചത് പോലെയായി..." എന്നിങ്ങനെ പോകുന്നു ശിവശങ്കറിന്റെ വിവരണങ്ങൾ.

ഇതത്രയും സ്വപ്നയെ പ്രകോപിപ്പിക്കാൻ പോന്നതായത് സ്വാഭാവികം. വളരെ സത്യസന്ധമെന്നും സുതാര്യമെന്നും ആധികാരികമെന്നും തോന്നിപ്പിക്കുന്ന വിധത്തിൽ സ്വപ്ന സുരേഷ് പ്രതികരിച്ചു. ശിവശങ്കറും അശ്വത്ഥാമാവും നിലംപരിശായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

നേരത്തേ സ്പേസ് പാർക്കിലെ അവരുടെ നിയമനത്തിൽ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയത് സംസ്ഥാനസർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നിയോഗിച്ച ഉദ്യോഗസ്ഥതല അന്വേഷണസമിതി തന്നെ കണ്ടെത്തിയതായിരുന്നു. അതിനെ ശിവശങ്കർ തള്ളിപ്പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വാദഗതികൾ അത്ര നിഷ്കളങ്കമെന്ന് കരുതാനാവില്ല.

സ്വപ്ന പറയുന്നത്, യു.എ.ഇ കോൺസുലേറ്റിൽ തുടരുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ശിവശങ്കർ തന്നെയാണ് തനിക്ക് സ്പേസ് പാർക്കിലെ ജോലി ശരിയാക്കിത്തന്നത് എന്നാണ്. ആദ്യം സ്പേസ് പാർക്ക് പ്രോജക്ടിന്റെ കൺസൾട്ടൻസി ചുമതലയുണ്ടായിരുന്ന കെ.പി.എം.ജി, മറ്റൊരു രാജ്യത്തിന്റെ കോൺസലേറ്റിൽ പ്രവർത്തിച്ചിരുന്നയാളെ നിയോഗിക്കുന്നത് സുരക്ഷാപ്രശ്നമുയർത്തില്ലേ എന്ന് സംശയമുന്നയിച്ചപ്പോൾ കെ.പി.എം.ജിയെ തന്നെ മാറ്റി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കൺസൾട്ടൻസിയാക്കിയത് ശിവശങ്കറാണെന്നാണ്. ശിവശങ്കറിന്റെ അക്കാലത്തെ പ്രതാപം വച്ചുനോക്കിയാൽ അത് ശരിയാണെന്നേ ആരും വിശ്വസിക്കൂ. മുഖ്യമന്ത്രിയുടെ ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ച കാലയളവിലെ അദ്ദേഹത്തിന്റെ ശരീരഭാഷ ആ അധികാരഗർവ് വിളിച്ചുപറയുന്നതായിരുന്നു.

നയതന്ത്രചാനൽ വഴി എത്തിയ ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചുപറഞ്ഞത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. ഇതിന് മുമ്പും ഇത്തരത്തിൽ വിളിച്ചുപറഞ്ഞിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറലിന്റെ പേരിൽ വരുന്ന ബാഗേജ് വിട്ടുകിട്ടുന്നതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് വിട്ടുകിട്ടാനായി സർക്കാർതലത്തിൽ ഇടപെടലിന് തന്റെ പോയിന്റ് ഒഫ് കോണ്ടാക്ട് ശിവശങ്കർ മാത്രമാണെന്നാണ് അവരുടെ വാദം. താനവിടെ സെക്രട്ടറിയുടെ റോളിൽ മാത്രമാണെന്ന് സമർത്ഥിക്കുക വഴി തന്റെ നിരപരാധിത്വവും അവർ പറയാതെ പറയുന്നുണ്ട്. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോൾ ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും ശിവശങ്കറായിരുന്നുവത്രേ. എൻ.ഐ.എ അന്വേഷണത്തിന് വഴി തുറക്കുമാറ് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്‌ക്കാൻ മുഖ്യമന്ത്രിയെ ഉപദേശിച്ച ബുദ്ധിയും ശിവശങ്കറിന്റേതാണെന്ന് സ്വപ്ന കരുതുന്നു. അത് തീവ്രവാദക്കേസിൽ എൻ.ഐ.എയുടെ പിടിയിലായി തന്റെ ശബ്ദം എന്നെന്നേക്കുമായി അടയ്ക്കാനുള്ള ശിവശങ്കറിന്റെ ബുദ്ധിയാണോയെന്ന് അവർ സംശയിക്കുന്നു. ജന്മദിനസമ്മാനമായല്ല ഐ ഫോൺ നൽകിയതെന്നും സ്വപ്ന പറഞ്ഞു. അത് വ‌ടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കരാർ യു.എ.ഇ കോൺസൽ ജനറൽ ആഗ്രഹിച്ചത് പ്രകാരം റെഡ്ക്രസന്റിന് ലഭിച്ചതിനുള്ള ഉപഹാരമായിരുന്നെന്നും അത് ശിവശങ്കർ കൈപ്പറ്റിയതിന്റെ നാൾവഴികളടക്കം വിവരിച്ച് സ്വപ്ന സമർത്ഥിച്ചു.

പലതും തുറന്നു പറഞ്ഞപ്പോഴും ഇപ്പോഴും നിലനിൽക്കുന്ന കേസിൽ കുരുക്കാകാനിടയുള്ള സംഗതികളിൽ നിന്നെല്ലാം തന്ത്രപൂർവം ഒഴിഞ്ഞുമാറിയാണ് സ്വപ്ന പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.

അശ്വത്ഥാമാവ് വെറും ഒരാന എന്ന തലക്കെട്ടിൽ ആത്മകഥാ രചന നടത്തിയ എം. ശിവശങ്കർ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ, വേട്ടയാടപ്പെട്ട അശ്വത്ഥാമാവായ താൻ വെറുമൊരാന മാത്രമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. പക്ഷേ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ കാര്യങ്ങളെ മറ്രൊരു വഴിയിലേക്ക് നയിക്കുന്നു. വിവാദം വീണ്ടും കത്തിപ്പടരാനിടയാക്കി. ശിവശങ്കർ വടികൊടുത്ത് അടിവാങ്ങിയെന്ന് പറയുന്നവരുണ്ട്. പക്ഷേ, ഇത്രയും സംഭവിച്ച് കഴിഞ്ഞപ്പോൾ സാധാരണ പൗരഗണങ്ങളിൽ പലരും സംശയിച്ചതും സംശയിച്ച് കൊണ്ടിരിക്കുന്നതും ശരിക്കും ഈ അശ്വത്ഥാമാവ് ആനയോ അതോ കുഴിയാനയോ എന്നാണ്.

ഇനിയെന്ത് ?

മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കാര്യങ്ങൾ വഴിവിട്ട രീതിയിൽ നിയന്ത്രിച്ച ശിവശങ്കർ ആ ഓഫീസിനെയും വെട്ടിലാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും അലോസരം ഉണ്ടാക്കുന്നതാണെന്നതിൽ സംശയമില്ല. സ്വപ്ന പറഞ്ഞ മറ്റെല്ലാ കാര്യങ്ങളെയും സംശയിച്ചാലും സ്പേസ് പാർക്കിൽ അവർക്ക് ജോലി ലഭിച്ചതിൽ ശിവശങ്കറിന്റെ പങ്കിനെപ്പറ്റി അവർ പറഞ്ഞതുതന്നെയാകും ശരിയെന്ന് വിശ്വസിക്കാതിരിക്കാനാവില്ല. ഒരുദ്യോഗസ്ഥന്റെ വഴിവിട്ട നീക്കങ്ങൾ പോലും കണ്ടെത്താനാവാത്ത പിടിപ്പുകേട് മുഖ്യമന്ത്രിക്കുണ്ടോയെന്ന ചോദ്യം അസുഖകരം തന്നെയാണ്. എന്നിരുന്നാലും സ്വർണക്കടത്ത്-ഡോളർ കടത്ത് കേസിന്റെ ഭാവിയെ ഇപ്പോൾ കത്തിപ്പടർന്ന വിവാദം വലുതായി സ്വാധീനിക്കുമെന്ന് അന്വേഷണ ഏജൻസികൾ പോലും കരുതുന്നില്ല. കാരണം അന്വേഷണ ഏജൻസികൾ മുമ്പാകെ സ്വപ്ന നൽകിയ രഹസ്യമൊഴികളിൽ ഇപ്പോൾ അവർ പുറത്തു പറഞ്ഞതിനേക്കാളും ഏറെ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ, ഇപ്പോഴുണ്ടായ സ്വപ്നയുടെ തുറന്നുപറച്ചിലുകൾ ശിവശങ്കറിനെതിരായ കേസിനെ ഒന്നുകൂടി ശക്തിപ്പെടുത്താൻ കസ്റ്റംസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സഹായകമായേക്കാം.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ശിവശങ്കറിനെ യു.എ.പി.എ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്വപ്നയെയും മറ്റ് കൂട്ടുപ്രതികളെയും മാത്രമാണ് യു.എ.പി.എ കേസിൽ പെടുത്തിയത്. ഇപ്പോഴത്തെ തുറന്നുപറച്ചിലുകളുടെ അടിസ്ഥാനത്തിൽ സി.ആർ.പി.സി 73(8) പ്രകാരം എൻ.ഐ.എയ്ക്ക് കേസിൽ തുടരന്വേഷണം ആവശ്യപ്പെടാമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

അപ്പോഴും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഈ സ്വർണക്കടത്ത് കേസിൽ അന്തരീക്ഷത്തിൽ ഉഴലുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചെന്ന് സ്വപ്ന പറയുമ്പോഴും, കസ്റ്റംസ് അതിൽ ഇതുവരെയും ശിവശങ്കറിനെ പ്രതി ചേർക്കാത്തതെന്തേ എന്നത് അതിലൊന്നാണ്. അദ്ദേഹത്തെ കേസിൽ പെടുത്തിയത് ഇ.ഡി ആയിരുന്നല്ലോ. സ്വർണക്കടത്തിന്റെ സർവരഹസ്യങ്ങളും അറിയുന്ന യു.എ.ഇ കോൺസൽ ജനറലും അക്കൗണ്ടന്റുമടക്കം കേരളം വിട്ടതെങ്ങനെ? അഞ്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയും കസ്റ്റംസും എൻ.ഐ.എയും വെവ്വേറെ വഴിക്ക് പോകുകയും ചെയ്ത കേസിന്റെ നിലവിലെ അവസ്ഥയെന്ത്?

ഈ ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടുമ്പോഴാണ് എല്ലാ കാര്യങ്ങളും അർത്ഥവത്താവുക. അതുണ്ടാകുന്നത് വരെ നമുക്കും കാത്തിരിക്കാം.