boat

തിരുവനന്തപുരം:കരയിൽ മാത്രമല്ല ,​ വെള്ളത്തിലും തീപിടിത്തമുൾപ്പെടെയുള്ള ദുരന്ത മുഖങ്ങളിൽ ഇനി അഗ്നിശമനസേന പാഞ്ഞെത്തും. സംസ്ഥാന അഗ്നിശമനസേനയ്ക്കായി ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ജലരക്ഷാ ബോട്ടുകൾ ഈയാഴ്ച വിവിധ ബോട്ട് ജെട്ടികളിൽ ഇടം പിടിക്കും.

ഹൗസ് ബോട്ടുകൾക്ക് തീ പിടിക്കുന്നതുൾപ്പെടെ കായലുകളിലും പുഴകളിലുമുണ്ടാകുന്ന തീപിടിത്തങ്ങൾ,​ ബോട്ട് അപകടങ്ങൾ,പ്രളയവും പ്രകൃതി ക്ഷോഭവും കാരണമുണ്ടാകുന്ന അത്യാഹിതങ്ങൾ തുടങ്ങി ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കാണ് ആധുനിക സംവിധാനങ്ങളോടെയുള്ള ബോട്ടുകൾ .

വേഗത്തിൽ കത്തിപ്പിടിക്കുന്ന പനമ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹൗസ് ബോട്ടിൽ വലിയ ഹോട്ടലുകളിൽ ഉപയോഗിക്കുംവിധമുള്ള ഫ്രിഡ്ജ്, എ.സി ഉൾപ്പെടെയുള്ള എല്ലാവിധ സംവിധാനങ്ങളും അടുക്കളയുമുള്ളതിനാൽ എൽ.പി.ജി സിലിണ്ടർ ലീക്ക്, ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെ കാരണങ്ങളാൽ തീപിടിത്ത സാദ്ധ്യത ഏറെയാണ്. വെള്ളം കയറി ബോട്ട് മുങ്ങുക, സഞ്ചാരികൾ വെള്ളത്തിൽ വീണ് മുങ്ങിപ്പോകുക തുടങ്ങിയ അപകട സാദ്ധ്യതകളുമുണ്ട്. . നെഹ്റുട്രോഫി ഉൾപ്പെടെ കേരളത്തിലെ പ്രശസ്തമായ ജലമാമാങ്കങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഇതുപകരിക്കും.

സ്‌കൂബാ സെറ്റുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയകൾ, പോർട്ടബിൾ പമ്പുകൾ, സ്‌കൂബാ വാൻ, ഫയർ ഡിങ്കി മുതലായ ഉപകരണങ്ങൾ ജലരക്ഷാ ബോട്ടുകൾക്കൊപ്പം കൂട്ടിയിണക്കുന്നതോടെ ദുരന്തമുഖങ്ങളിൽ പഴുതടച്ച രക്ഷാപ്രവർത്തനം സാദ്ധ്യമാക്കാനാവും.

ജലരക്ഷക്

₹ 1 മുതൽ 14 വരെ നമ്പരുകളിൽ

₹40 എച്ച്.പി എൻജിൻ

₹8പേർക്ക് ഇരുന്ന് യാത്ര ചെയ്യാം

₹ മണിക്കൂറിൽ 40 കി.മീ 25 വേഗം

വിന്യാസം

ആലപ്പുഴ- 3,എറണാകുളം- 3,തൃശൂർ-2,കോട്ടയം-2, ഇടുക്കി-1, പത്തനംതിട്ട-1,കൊല്ലം-1, തിരുവനന്തപുരം-1

'ബ്രേക്ക് വാട്ടർ ടൂറിസം മേഖലകൾ,​ഡാമുകൾ,​ ക്വാറി ഏരിയകൾ,​ഹാർബറുകൾ തുടങ്ങി ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചാകും പ്രവ‌ർത്തനം'.

- ടെക്നിക്കൽ ഡയറക്ടർ

ഫയർഫോഴ്സ്