
വിഴിഞ്ഞം: ഗംഗയാർ തോടിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ കാലവർഷത്തിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകും. തോട്ടിലെ പായലുകളും ചെടികളും ചെളിയും നീക്കംചെയ്ത് ആഴം കൂട്ടും. ഇതിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കുന്നതോടെ ഒഴുക്ക് സുഗമമാകും. രണ്ടുമാസം മുൻപുണ്ടായ മഴയിൽ തോട് കരകവിഞ്ഞൊഴുകി ഫിഷ്‌ലാൻഡിംഗ് ഏരിയാ ഉൾപ്പെടെയുള്ള സഥലത്ത് വെള്ളകെട്ടുണ്ടായി. തോടിനു കുറുകെ ഉണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാതകൾ പൊളിച്ചുമാറ്റിയാണ് അന്ന് വെള്ളം ഒഴുക്കിക്കളഞ്ഞത്. പള്ളിച്ചൽ മുതൽ ആരംഭിക്കുന്ന തോടാണിത്. അവിടെനിന്ന് ഒഴുകിയെത്തുന്ന ജലം രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തിനു സമീപത്തെ വലിയ കടപ്പുറത്തെ കടലിലാണ് പതിക്കുന്നത്. ഇവിടെ മണൽ വന്നടിഞ്ഞ് തോടിന്റെ ഒഴുക്ക് നിലയ്ക്കുന്നതോടെ തോട് കരകവിഞ്ഞൊഴുകും. തോട്ടിലെ മാലിന്യം കടലിലേക്ക് ഒഴുകി പോകാൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വേലിയേറ്റത്തിൽ മണൽ വന്നടിഞ്ഞ് പൈപ്പുകൾ അടഞ്ഞ് ഒഴുക്ക് നിലയ്ക്കും. തോട് നവീകരിക്കുന്നതോടെ ഇതിനു പരിഹാരമാകും. തോടിലെ വശങ്ങളിലെ ഭിത്തി കോൺക്രീറ്റ് കൊണ്ട് ഉയർത്തും. ഈ സ്ഥലത്തു സ്ഥാപിച്ചിരുന്ന കടകൾ മുഴുവനും മാറ്റി സ്ഥാപിച്ചു.
പ്രയോജനമില്ലാതെ പദ്ധതികൾ
പള്ളിച്ചലിൽ നിന്ന് ആരംഭിക്കുന്ന തോടിലെ ഒഴുക്ക് വിഴിഞ്ഞം ഭാഗത്ത് എത്തുമ്പോൾ തടസപ്പെട്ടിരിക്കുകയാണ്. വർഷങ്ങൾ മുൻപ് പല ഘട്ടങ്ങളിലായി തോട് വൃത്തിയാക്കാനും മലിനജലം ഒഴുക്കിവിടാനും പല പദ്ധതികൾ ആവിഷ്കരിക്കുകയും കോടികൾ ചെലവഴിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒന്നും പ്രയോജനം കണ്ടില്ല.
ഇടയ്ക്കിടെ തുറമുഖ നിർമ്മാണ ജോലികൾ നടത്തുന്ന അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇവ തുറന്നു വിടുമായിരുന്നു. തോടിനു സമീപത്തെ മത്സ്യ സംസ്കരണ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തുറന്നുവിടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഗംഗയാർ തോടിൽ നിറഞ്ഞു കിടക്കുന്നത് പകർച്ചവ്യാധി ഭീക്ഷണി ഉയർത്തിയിരുന്നു.
ജലക്ഷാമം രൂക്ഷമായ തീരദേശത്ത് വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും പ്രദേശവാസികൾ ഈ തോടിനെയാണ് ആശ്രയിക്കുന്നത്. വിഴിഞ്ഞം പഴയപാലത്തിനു സമീപം വരെ ഇപ്പോൾ കുളിക്കടവുകൾ ഉണ്ട്. അതിനുശേഷം വരുന്ന ഭാഗം മുതൽ തോട് കാണാൻ പറ്റാത്ത വിധം പായൽ മൂടിയിരിക്കുകയാണ്.