
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചെങ്കിലും നിയമപരമായി അതിനെ നേരിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താ
സമ്മേളനത്തിൽ പറഞ്ഞു.
ഗവർണറും സർക്കാരും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ഒത്തുതീർക്കാൻ കേരളത്തിൽ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു.
ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ബി.ജെ.പി നേതാവിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് മാദ്ധ്യമങ്ങളിൽ വാർത്തയുണ്ട്. അത് ശരിയാണെങ്കിൽ ഇപ്പോൾ നടന്നത് കൊടുക്കൽ-വാങ്ങൽ ആണോയെന്ന് സംശയിക്കണം.
മുഖ്യമന്ത്രിയെത്തി ഗവർണറെ കണ്ടതിന് പിന്നാലെ ഓർഡിനൻസിൽ ഒപ്പുവച്ചത് ഒത്തുതീർപ്പാണെന്നും സതീശൻ പറഞ്ഞു.
ലോകായുക്ത ഓർഡിനൻസ് അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമാകും. തനിക്കെതിരായ കേസ് പരിഗണിക്കാനിരിക്കെ ലോകായുക്ത കുരയ്ക്കുകയേയുള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി.അതിന് ഗവർണറും കൂട്ടുനിന്നു. കേരളത്തിലെ അഴിമതിവിരുദ്ധ സംവിധാനം തകർത്തയാൾ എന്ന പേരിലായിരിക്കും പിണറായി വിജയൻ ചരിത്രത്തിലറിയപ്പെടുക.
ഒരു കോടതിയും നിയമ വിരുദ്ധമാണെന്ന് പറയാത്ത നിയമമാണ് 22 വർഷത്തിന് ശേഷം സംസ്ഥാന സർക്കാർ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയാനുള്ള അധികാരം കോടതികൾക്കേയുള്ളൂവെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പ്രതിപക്ഷം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അംഗീകാരം കിട്ടില്ലെന്നുറപ്പായതിനാലാണ് രാഷ്ട്രപതിക്ക് അയയ്ക്കാതെ ഓർഡിനൻസിൽ ഗവർണർ തന്നെ ഒപ്പുവച്ചത്. നിയമസഭയെ നോക്കുകുത്തിയാക്കിയാണ് ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് ഓർഡിനൻസ് പുറത്തിറക്കിയത്.
ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധ നിലാപാടിനെ തുറിച്ചു നോക്കുന്നതാണ് ഓർഡിനൻസെന്ന് സി. പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ ഇത്ര ധൃതി കാട്ടുന്നതെന്തിനെന്ന കാനത്തിന്റെ ചോദ്യം പ്രസക്തമാണ്. ഗവർണറും മുഖ്യമന്ത്രിയും നിയമസഭയെ അവഹേളിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.